പറ്റ്ന :- വ്യക്തിപരമായ ആവശ്യത്തിനായി ബാങ്ക് അക്കൗണ്ടിൽ നിന്ന് 500 രൂപ പിൻവലിക്കാൻ പോയതാണ് ഒമ്പതുവയസുകാരൻ. എന്നാൽ പണമെടുത്ത ശേഷം അക്കൗണ്ട് പരിശോധിച്ച പയ്യനും കുടുംബവും ശരിക്കും ഞെട്ടി. 87.65 കോടി രൂപയാണ് അക്കൗണ്ടിൽ ബാലൻസ് കാണിച്ചിരുന്നത്. ബിഹാറിലെ മുസാഫർപുരിലാണ് സംഭവം.
അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാനാണ് ഒമ്പതാം ക്ലാസുകാരനായ സൈഫ് അലി സൈബർ കഫേയിലെത്തിയത്. എന്നാൽ പണം പിൻവലിച്ച ശേഷം പരിശോധിച്ചപ്പോഴാണ് കോടികൾ അക്കൗണ്ട് ബാലൻസായി കണ്ടത്. കഫേ മുതലാളിയും ഇതുകണ്ട് അമ്പരന്നു. ഇരുവരും ഒരുവട്ടം കൂടി പരിശോധിച്ചെങ്കിലും അക്കൗണ്ട് ബാലൻസിൽ വ്യത്യാസമുണ്ടായില്ല.
തുടർന്ന് വിദ്യാർഥി അമ്മയെ വിവരം അറിയിച്ചു. അമ്മ ഗ്രാമത്തിലെ മറ്റൊരാളെ സംഭവം അന്വേഷിക്കാൻ ഏൽപ്പിച്ചു. തുടർന്ന് ഇയാൾ കസ്റ്റമർ സർവ്വീസിലെത്തി ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോൾ 87.65 കോടി അക്കൗണ്ടിൽ ഇല്ലെന്നും, യഥാർത്ഥ ബാലൻസായ 532 രൂപ മാത്രമാണ് അക്കൗണ്ടിലുള്ളതെന്നും കണ്ടെത്തി.
അഞ്ച് മണിക്കൂർ മാത്രമാണ് ഇത്രയും വലിയ തുക ഒമ്പതാം ക്ലാസുകാരന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്നത്. സംഭവം അറിയിക്കാനായി സൈഫ് അലിയുടെ കുടുംബം ബാങ്കിൽ എത്തിയപ്പോൾ ബാലൻസ് പഴയപടിയായെന്ന് ബാങ്ക് അധികൃതരും വ്യക്തമാക്കി.
സംഭവത്തിൽ ബാങ്ക് അധികൃതർ വ്യക്തമായ മറുപടി നൽകിയിട്ടില്ല. ഇത്രയും വലിയ തുക എങ്ങനെയാണ് വിദ്യാർഥിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയത് എന്ന കാര്യത്തിൽ നോർത്ത് ബിഹാർ ഗ്രാമീൺ ബാങ്ക് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.