മധ്യപ്രദേശ് : സ്ത്രീകളോട് കൊടും ക്രൂരത. രണ്ട് സ്ത്രീകളെ ജീവനോടെ കഴുത്തറ്റം മണ്ണിട്ട് മൂടി. റോഡ് നിർമ്മാണത്തിനെതിരെ പ്രതിഷേധിച്ച സ്ത്രീകളെയാണ് കഴുത്തറ്റം മണ്ണിട്ട് മൂടിയത്. മധ്യപ്രദേശിലെ റേവ ജില്ലയിലെ ഹിനോത ജോറോത് ഗ്രാമത്തിലാണ് സംഭവം. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമത്തില്‍ വൈറല്‍ ആയിട്ടുണ്ട്.
മമത പാണ്ഡേ, ആഷ പാണ്ഡേ എന്നിവരെയാണ് മണ്ണിട്ട് മൂടിയത്. റോഡുപണിക്കായി മണ്ണും ചരലുമായെത്തിയ ട്രക്കിനെതിരെ പ്രതിഷേധിക്കുകയായിരുന്നു ഇവർ. പ്രതിഷേധം തുടർന്നതോടെ ട്രക്ക് ഡ്രൈവർ മണ്ണ് ഇവരുടെ ദേഹത്തേക്ക് തട്ടുകയായിരുന്നു. കഴുത്തറ്റം മണ്ണില്‍ മൂടിയ ഇവരെ നാട്ടുകാർ രക്ഷിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാട്ടത്തിനെടുത്ത ഭൂമിയില്‍ കരിങ്കല്ല് ഇടുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് തങ്ങളെ ആക്രമിച്ചതെന്ന് അക്രമത്തിന് ഇരയായ മമതയും ആഷയും നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടുപേർ ഒളിവിലാണെന്നും അവർക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള ഭൂമി തർക്കമാണ് സംഭവത്തിനു പിന്നിലെന്നാണ് പൊലീസ് നിഗമനം.
അതേസമയം സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും മുൻ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ് ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ സ്ഥിതിവിവരക്കണക്കുകള്‍ ചൂണ്ടിക്കാട്ടി അത്തരം സംഭവങ്ങള്‍ തടയുന്നതില്‍ ഭരണകൂടത്തിൻ്റെ പരാജയത്തെ വിമർശിച്ച കോണ്‍ഗ്രസ് അധ്യക്ഷൻ ജിതു പട്വാരി, ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാരിന് കീഴിലുള്ള സംസ്ഥാനത്തെ സ്ത്രീ സുരക്ഷയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു.