കർക്കിടക മാസത്തിൽ നമ്മൾ മലയാളികൾ പരമ്പരാഗതമായി ചെയ്തുപോരുന്ന ഒരു കാര്യമാണ് ഔഷധക്കഞ്ഞി തയ്യാറാക്കുക എന്നുള്ളത്. വർഷം മുഴുവൻ ആരോഗ്യത്തോടെ ഇരിക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. മഴക്കാലമായാൽ വിവിധതരം രോഗങ്ങളാൽ ആരോഗ്യ പ്രശ്നങ്ങൾ നമ്മൾ നേരിടേണ്ടി വന്നേക്കാം. ഇതിനെല്ലാം ഒരു പ്രതിവിധി കൂടി ആയിട്ടാണ് പഴമക്കാർ കർക്കിടക മാസത്തിൽ ഈ ആയുർവേദ കഞ്ഞി വീടുകളിൽ ഒരു ശീലമാക്കിയിരുന്നത്. അതുകൊണ്ടുതന്നെ അവർ ഇതിനെ ‘മരുന്ന് കഞ്ഞി’ എന്നായിരുന്നു വിളിച്ചിരുന്നത്.. രോഗപ്രതിരോധശേഷി കൂട്ടാൻ ഇതിലും മികച്ചത് മറ്റൊന്നില്ല. പ്രമേഹം, കൊളസ്ട്രോൾ എന്നിവയ്ക്കും ഇത് ഉത്തമമാണ്. ഒട്ടുംതന്നെ കൊഴുപ്പില്ലാത്തതിനാൽ ഈ കഞ്ഞി ദഹിക്കാനും വളരെ എളുപ്പമാണ്. സന്ധിവാതത്തിനും, ശരീരത്തുള്ള വിഷാംശം ഇല്ലാതാക്കുവാനും ഇത് നല്ലതാണെന്ന് പറയപ്പെടുന്നു.
കർക്കിടക മാസത്തിൽ ഏഴു ദിവസമെങ്കിലും ഈ ഔഷധ കഞ്ഞി സേവിക്കണമെന്നാണ് ആയുർവേദ വിദഗ്ധർ പറയുന്നത്. നമ്മുടെ നാട്ടിൻപുറങ്ങളിൽ കണ്ടുവരുന്ന പച്ചമരുന്നുകൾ ചേർത്ത് തയ്യാറാക്കുന്ന ഇത് ഔഷധ ഗുണങ്ങളുടെ ഒരു കലവറ തന്നെയാണ്.
ഞവര അരിയാണ് ഇതിന് പ്രധാനമായും ഉപയോഗിക്കുന്നത്. ഇത് കഴിക്കുന്നതിലൂടെ ശരീരത്തിന്റെ ബലം കൂട്ടാൻ സഹായിക്കും. കുറുന്തോട്ടിവേര്, കരിങ്കുറിഞ്ഞി, അരിയാറ്, ജീരകം, ഉലുവ, അയമോദകം, ആശാളി, ചുക്ക്, പുത്തരിച്ചുണ്ട വേര് എന്നിവയാണ് പ്രധാന ഇനങ്ങൾ. കൈതോന്നി, തഴുതാമ, മുക്കുറ്റി, മുയൽച്ചെവിയൻ, തിരുതാളി, വിഷ്ണുകാന്തി, ചെറുവൂള, പൂവാം കുറുന്നില തുടങ്ങിയ ദശപുഷ്പങ്ങളും ഇതിൽ ചേർക്കാറുണ്ട്. ഞവര അരി കൂടാതെ, പൊടിയരി, ഗോതമ്പ്, പച്ചരി ചെറുപയർ തുടങ്ങിയ ധാന്യങ്ങൾ ഒറ്റയ്ക്കോ ഒരുമിച്ചോ കഞ്ഞി വെച്ച് അതിൽ ആവശ്യത്തിന് ഈ ഔഷധക്കൂട്ട് ചേർത്ത് സേവിക്കാവുന്നതാണ്.. സ്വാദിനായി ശർക്കര, ഏലക്ക, എന്നിവയും ചേർക്കാറുണ്ട്. ആവശ്യമെങ്കിൽ തേങ്ങാപ്പാലോ, പശുവിൻ പാലോ ചേർക്കാം. കുറച്ച് നെയ്യും കൂടി ചേർത്താൽ ഏറെ ഉത്തമം.
രാവിലെയോ രാത്രിയോ ആണ് മരുന്നുകഞ്ഞി കുടിക്കാൻ അനുയോജ്യമായ സമയം. കഞ്ഞി കുടിക്കുന്നവർ കൃത്യമായ നിഷ്ഠകൾ പാലിച്ച് പോരേണ്ടത് ആവശ്യമാണ്.. അതായത് മത്സ്യമാംസാദികൾ ഉപേക്ഷിക്കുക, മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങൾ ഒഴിവാക്കുക. ഔഷധ കഞ്ഞി കുടിക്കുന്നതിന് മൂന്നുദിവസം മുൻപും ശേഷവും ഈ നിഷ്ഠകൾ അനുഷ്ഠിക്കേണ്ടതാണ്..