പാരീസ്: ഒളിമ്പിക്‌സ് ഹോക്കിയില്‍ ഇന്ത്യക്ക് നല്ല തുടക്കം. പൂള്‍ ബിയിലെ ആദ്യമത്സരത്തില്‍ ന്യൂസീലന്‍ഡിനെ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്ക് ഇന്ത്യ പരാജയപ്പെടുത്തി. കളി തീരാന്‍ ഒരുമിനിറ്റുമാത്രം ബാക്കിയിരിക്കേ പെനാല്‍ട്ടി സ്ട്രോക്ക് ലക്ഷ്യത്തിലെത്തിച്ച് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്ങാണ് ടീമിന് വിജയം സമ്മാനിച്ചത്. ന്യൂസീലന്‍ഡിന്റെ ഗോളെന്നുറച്ച ഒട്ടേറെ അവസരങ്ങള്‍ രക്ഷിച്ചെടുത്ത് മലയാളി ഗോള്‍കീപ്പര്‍ പി.ആര്‍. ശ്രീജേഷും കളംനിറഞ്ഞു.
ഒരു ഗോളിന് പിന്നില്‍നിന്നശേഷമായിരുന്നു ഇന്ത്യയുടെ തിരിച്ചുവരവ്. ഇന്ത്യക്കുവേണ്ടി ഹര്‍മന്‍പ്രീത് സിങ്ങിനെ (59) കൂടാതെ മന്‍ദീപ് സിങ് (24), വിവേക് സാഗർ പ്രസാദ് (34) എന്നിവരും സ്‌കോര്‍ ചെയ്തു. സാം ലെന്‍ (27), സിമോണ്‍ ചൈല്‍ഡ് (53)എന്നിവരാണ് ന്യൂസീലന്‍ഡിന്റെ സ്‌കോറര്‍മാര്‍. തിങ്കളാഴ്ച അര്‍ജന്റീനയ്‌ക്കെതിരെയാണ് ഇവരുടെ അടുത്ത മത്സരം.
ആദ്യവിജയത്തോടെ പൂള്‍ ബിയില്‍ മൂന്ന് പോയിന്റോടെ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ബെല്‍ജിയവും മൂന്നാം സ്ഥാനത്ത്
ഓസ്ട്രേലിയയുമാണ് ഉള്ളത്.