തൃശൂർ: തൃശ്ശൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായ ധന്യ മോഹൻ 2019 മുതൽ തൻ്റെ സഹോദരൻ്റെയും പിതാവിൻ്റെയും അടക്കം അഞ്ച് അക്കൗണ്ടുകളിലേക്ക് 20 കോടി രൂപ തട്ടിയെടുത്തതായി പോലീസ് പ്രാഥമികാന്വേഷണം. ഏറ്റവും പുതിയ ഇടപാട് കണ്ടെത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്.
കമ്പനിയുടെ ഡിജിറ്റൽ പേഴ്‌സണൽ ലോൺ അക്കൗണ്ടിൽ നിന്ന് 2024 ഏപ്രിൽ മുതൽ അവർ 80 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. കൊല്ലം തിരുമുല്ലവാരം സ്വദേശിനിയായ ധന്യ കേരളത്തിലെ ഒരു പ്രമുഖ ധനകാര്യ സ്ഥാപനത്തിൻ്റെ പിന്തുണയുള്ള ഐടി ഉൽപ്പന്ന സേവന കമ്പനിയിൽ ടെക് ലീഡായി അസിസ്റ്റൻ്റ് ജനറൽ മാനേജരായി ജോലി ചെയ്തു വരികയായിരുന്നു. ഈ പണം സ്വത്തുക്കൾ വാങ്ങാനും ഭൂമി ബന്ധുക്കളുടെ പേരിൽ വാങ്ങിയതാണെന്നും പോലീസ് സംശയിക്കുന്നു.
കമ്പനിയുടെ ആപ്ലിക്കേഷൻ ഹെഡ് ആയി ജോലി ചെയ്യുന്ന സുശീൽ കൃഷ്ണൻകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വലപ്പാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കേസ് അന്വേഷിക്കാൻ പ്രത്യേക ഏഴംഗ അന്വേഷണ സംഘം രൂപീകരിക്കുകയും ചെയ്തു. വലപ്പാട് പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലാണ് അന്വേഷണം. റൂറൽ എസ്പി നവനീത് ശർമയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ധന്യയുടെ വാടക വസതിയിൽ വെള്ളിയാഴ്ച പരിശോധന നടത്തി. പോലീസ് അന്വേഷണം വ്യാപിപ്പിച്ചതോടെ ഇവർ കഴിഞ്ഞദിവസം വൈകീട്ടോടെ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. തുടർന്ന് യുവതിയെ വലപ്പാട് പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തു.
ഓൺലൈൻ ട്രേഡിങ്ങിൽ ധന്യ വൻതോതിൽ പണം ചെലവഴിച്ചെന്നാണ് സൂചന. ഓൺലൈൻ റമ്മിയിലൂടെ ധന്യയ്ക്ക് രണ്ടുകോടി രൂപ ലഭിച്ചതായും ഇതിന് ആദായനികുതി വകുപ്പ് നോട്ടീസ് നൽകിയിരുന്നതായും നേരത്തെ വിവരമുണ്ടായിരുന്നു. ഇതിനൊപ്പം വലപ്പാട്ട് ആഡംബര വീട് വാങ്ങാനും പണം വിനിയോഗിച്ചു. റിയൽ എസ്റ്റേറ്റ് ബിസിനസിലും പണം മുടക്കി.
വലപ്പാട്ടെ വീട്ടിൽ പരിശോധന നടത്തിയ പോലീസ് കാർ, സ്കൂട്ടർ, ലാപ്ടോപ്, എ.ടി.എം. കാർഡുകൾ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്. തട്ടിപ്പുപണം ഉപയോഗിച്ച് വാങ്ങിയതെന്നു കരുതുന്ന വീട് കണ്ടുകെട്ടാനുള്ള നടപടികളും തുടങ്ങി. ഇവർക്ക് നാല് കാറുകളുള്ളതായി പോലീസിന് വിവരം ലഭിച്ചു. കൊല്ലത്ത് ആഡംബരവീട് നിർമിക്കുന്നതായും വിവരമുണ്ട്. തട്ടിയെടുത്ത പണം ധന്യ ഏതെല്ലാംരീതിയിലാണ് ചെലവഴിച്ചതെന്ന് പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യുന്നതോടെ ഇതുസംബന്ധിച്ച് വ്യക്തത വരുമെന്നാണ് പോലീസ് കരുതുന്നത്.
സ്ഥാപനത്തിൽ നടന്ന പരിശോധനയിൽ 80 ലക്ഷം രൂപയുടെ തട്ടിപ്പാണ് ആദ്യം കണ്ടെത്തിയത്. ഇതോടെ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച് ഓഫീസിൽനിന്ന് പോയ ധന്യ വലപ്പാട്ടെ വീട് പൂട്ടി സ്ഥലംവിട്ടു. വിശദപരിശോധനയിലാണ് 19.94 കോടി രൂപ തട്ടിയിട്ടുണ്ടെന്ന് വ്യക്തമായത്. ഓൺലൈനായി വായ്പ നൽകുന്നതോടൊപ്പം സ്വന്തം അക്കൗണ്ടിലേക്കും പണം മാറ്റിയായിരുന്നു തട്ടിപ്പ്. പിന്നീടിത് അച്ഛന്റെ മൂന്ന് അക്കൗണ്ടുകളിലേക്കും ഭർത്താവിന്റെ രണ്ട് അക്കൗണ്ടുകളിലേക്കും മാറ്റി. ഇതുസംബന്ധിച്ച രേഖകൾ ഡിലീറ്റ് ചെയ്തു. അഞ്ചുവർഷമായി യുവതി ഈ വിധം തട്ടിപ്പ് നടത്തിവരുകയായിരുന്നുവെന്ന് റൂറൽ പോലീസ് സൂപ്രണ്ട് നവനീത് ശർമ പറഞ്ഞു.
18 വർഷമായി സ്ഥാപനത്തിൽ ജോലിചെയ്യുന്ന ധന്യാ മോഹൻ വലപ്പാട്ട് വാടകവീട്ടിലായിരുന്നു നേരത്തെ താമസം. ആറുവർഷംമുമ്പാണ് വലപ്പാട് തിരുപഴഞ്ചേരി ക്ഷേത്രത്തിന് സമീപം വീട് വാങ്ങിയത്.
തൃശ്ശൂരിൽനിന്ന് ഒളിവിൽപ്പോയ ധന്യ വെള്ളിയാഴ്ച വൈകീട്ട് കീഴടങ്ങാൻ തീരുമാനിച്ച് ഒറ്റയ്ക്കാണ് കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തിയത്. ില്ലാ ആശുപത്രിയിൽ വൈദ്യപരിശോധന കഴിഞ്ഞ് വനിതാ സ്റ്റേഷനിൽ ഏറെനേരം ഇരുത്തിയതിൽ ധന്യ അസ്വസ്ഥയായിരുന്നു. ബന്ധുക്കൾ ഉൾപ്പെടെ ഒട്ടേറെപ്പേർ വിവരമറിഞ്ഞ് സ്റ്റേഷനിൽ തടിച്ചുകൂടി. പണത്തെപ്പറ്റി ചോദിച്ചപ്പോൾ കൈയിലിരുന്ന ബാഗ് കാട്ടി ‘ഇതാ ഇതിലുണ്ട്; എടുത്തോണ്ട് പൊയ്ക്കോ’ എന്നായിരുന്നു മറുപടി. കിട്ടിയ പണമൊക്കെ എവിടെയെന്ന് ചോദിച്ചപ്പോൾ, ചന്ദ്രനിൽ അഞ്ച് സെന്റ് സ്ഥലം വാങ്ങിയെന്നും ധന്യ പരിഹാസത്തോടെ പറഞ്ഞിരുന്നു.