ബംഗളൂർ : നഗരത്തില്‍ പ്രഭാത നടത്തത്തിനിറങ്ങിയ യുവതിക്കുനേരെ ലൈംഗികാതിക്രമം. ഇക്കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ ഉണ്ടായ സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പോലീസ് അന്വേഷണ നടപടികള്‍ ഊർജിതമാക്കിയത്. രാജസ്ഥാൻ സ്വദേശിനിയായ യുവതിയാണ് അതിക്രമത്തിന് ഇരയായത്.
സംഭവദിവസം പ്രഭാത സവാരിക്കിറങ്ങിയ യുവതി ഒരു വീടിനു മുന്നില്‍ നില്‍ക്കുമ്പോഴായിരുന്നു ആക്രമണം. യുവതിയെ അജ്ഞാതൻ കയറി പിടിക്കുകയായിരുന്നു. യുവതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോള്‍ ഇയാള്‍ പിന്തുടർന്നെത്തി വീണ്ടും കടന്നു പിടിച്ചു. ബഹളംവെച്ചപ്പോള്‍ വായ പൊത്തിപ്പിടിക്കാന്‍ ശ്രമിച്ചു. ഇതിനുപിന്നാലെ ഇയാള്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
വെളുത്ത ടീ ഷർട്ടും പാന്റ്സുമാണ് പ്രതി ധരിച്ചിരുന്നത്. സഹായം തേടി പലവട്ടം യുവതി നിലവിളിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ ആരുമെത്തിയില്ല. ഈ സമയത്ത് ഈ പ്രദേശത്ത് അധികമാരും ഉണ്ടായിരുന്നില്ല എന്നാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. യുവതിയുടെ ഭർത്താവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംഭവം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഡിസിപി ലോകേഷ് ജഗലസർ പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, പ്രതിയെ ഉടൻ പിടികൂടുമെന്നും. പോലീസ് പട്രോളിങ് ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.