വൈക്കം : ആറാട്ടുകുളങ്ങരയിലെ വീടിനുള്ളിൽ നിന്നും 55 പവനോളം സ്വർണവും ഡയമണ്ടുകളും മോഷ്‌ടിച്ച കേസിൽ കർണാടക സ്വദേശിയെ പൊലീസ് അറസ്‌റ്റ് ചെയ്തു. തമിഴ്‌നാട്ടിൽ താമസക്കാരനായ കർണാടക സ്വദേശി ഉമേഷ് റഢി (42)നെ കണ്ണൂർ തളിപ്പറമ്പ് പൊലീസാണ് അറസ്‌റ്റ് ചെയ്തത്. കഴിഞ്ഞ ആഴ്ച്ച കണ്ണൂരിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് ഉമേഷ് റഢി പൊലീസിൻ്റെ പിടിയിലാകുന്നത്. തുടർന്നു നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ വൈക്കത്തു മോഷണം നടത്തിയ വിവരം തളിപ്പറമ്പ് പൊലീസിനോടു സമ്മതിക്കുകയായിരുന്നു.
കഴിഞ്ഞ മാർച്ച് 12ന് വൈക്കം ആറാട്ടുകുളങ്ങര തെക്കേ നാവള്ളിൽ എൻ.പുരുഷോത്തമൻ നായരുടെ വീട്ടിൽ നിന്നാണ് 55 പവൻ സ്വർണവും ഡയമണ്ടുകളും പട്ടാപകൽ മോഷ്‌ടിച്ചത്. കണ്ണൂരിലെ മോഷണത്തിൽ റിമാൻഡിലായ ഉമേഷ് റഢിയെ വൈക്കത്തെ മോഷണവുമായി ബന്ധപ്പെട്ട് തെളിവെടുപ്പു നടത്തുന്നതിനായി ശനിയാഴ്ച വൈക്കം പൊലീസ് കസ്‌റ്റഡിയിൽ വാങ്ങി. വൈക്കം പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ തലയോലപ്പറമ്പ് മിടായിക്കുന്നം തട്ടുംപുറത്ത് ടി.കെ മധുവിന്റെ വീട്ടിൽ നിന്നും മോഷണം നടത്തിയ വിവരം ഇയാൾ സമ്മതിച്ചു. കഴിഞ്ഞ ജൂൺ 21 ന് പട്ടാപകലാണ് ഇവിടെയും മോഷണം നടത്തിയത്.12 പവനും 13,000 രൂപയുമാണ് അപഹരിക്കപ്പെട്ടത്.പ്രതിയെ ഇവിടെയും എത്തിച്ച് തെളിവെടുപ്പ് നടത്തി.സംഭവ ദിവസം ഇയാളെ കണ്ട അയൽവാസി ആളെ തിരിച്ചറിഞ്ഞു. സംഭവ ദിവസം ഇരു വീടുകളിലും ആളില്ലെന്ന് ഉറപ്പ് വരുത്തി ആയുധം ഉപയോഗിച്ച് വാതിൽ കുത്തിതുറന്നാണ് ഇയാൾ മോഷണം നടത്തിയത്. വൈക്കം എസ് ഐ ജയകൃഷ്ണൻ എം, വിജയപ്രസാദ് എം.എൽ എന്നിവരുടെ നേതൃത്വത്തിലാണ് ഇരു സ്ഥലങ്ങളിലും എത്തിച്ച് തെളിവെടുപ്പ് ന്നടത്തിയത്.