ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി നൽകിയ ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു,
സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങൾ പൂർണമായും ഒഴിവാക്കിയാണ് റിപ്പോർട്ട് പുറത്ത് വിടുന്നത്. നിയമ തടസ്സം ഒഴിവായതിന് പിന്നാലെ 233 പേജുള്ള റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്.
മലയാള സിനിമ മേഖലയിൽ വ്യാപക ലൈംഗിക ചൂഷണം, കാസ്റ്റിംഗ് കൗച്ച്, അവസരം കിട്ടാൻ വിട്ടുവീഴ്ച ചെയ്യണം, വിട്ടുവീഴ്ചകൾ ചെയ്യാൻ തയാറായിട്ടുള്ളവർക്ക് പ്രത്യേക കോഡ്, വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ നിർമാതാക്കളും സംവിധായകരും നിർബന്ധിക്കുമെന്നത് ഉൾപ്പെടേയുള്ള വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. സിനിമ നിയന്ത്രിക്കുന്നത് ക്രിമിനലുകളാണെന്നും റിപ്പോർട്ടിലുണ്ട്.
തങ്ങളുടെ ഇംഗിതത്തിന് വഴങ്ങാത്ത നടിമാർക്ക് അവസരം ഇല്ല. വഴങ്ങാത്തവരെ പ്രശ്‌നക്കാർ എന്ന് പറഞ്ഞ് ഒഴിവാക്കും. സിനിമയിൽ കാസ്റ്റ് ചെയ്‌തിട്ടും വഴങ്ങിയില്ലെങ്കിൽ റിപ്പീട്ട് ഷോട്ടുകൾ നൽകും. 17 തവണ വരെ ഇത്തരത്തിൽ തുടരെ ഷോട്ടുകൾ എടുപ്പിച്ച് ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്നും വിഷയങ്ങളിൽ പരാതി നൽകാത്തത് ഭയം കൊണ്ടാണെന്നും ചിലരുടെ മൊഴി റിപ്പോർട്ടിലുണ്ട്.
നടിമാർ താമസിക്കുന്ന ഹോട്ടലുകളിൽ നടന്മാർ എത്തി വാതിലിൽ മുട്ടുന്നു. മുറി തുറക്കാൻ വിസമ്മതിച്ചാൽ ബലം പ്രയോഗിക്കും പ്രതികരിക്കുന്നവർക്കും. അവസരം ലഭിക്കാൻ ശരീരം നൽകി വഴങ്ങാത്തവർക്ക് മോശം അനുഭവം. രക്ഷിതാക്കളും ബന്ധുക്കളും വഴങ്ങേണ്ടി വരുന്നു. ഉപദ്രവം തുറന്നു പറഞ്ഞാൽ പ്രതികാര നടപടി. വിലക്കാൻ പവർ ഗ്രൂപ്പ്, തൊഴിലിടത്തും വാഹനത്തിലും സുരക്ഷിതത്വമില്ല. സിനിമാ ലോകം ക്രിമിനലുകളുടെ ഇടത്താവളം. നിയന്ത്രിക്കുന്നത് മാഫിയാ സംഘമെന്നും ഹേമ കമ്മിറ്റി റിപ്പോർട്ട്
ലൈംഗിക ചൂഷണങ്ങളുടെ വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. ചൂഷണം ചെയ്യുന്നവരിൽ പ്രധാന നടന്മാരും ഉണ്ടെന്നെതാണ് ഞെട്ടിക്കുന്ന വിവരം. ആരോടെങ്കിലും പരാതി പറഞ്ഞാൽ അവർ എന്നന്നേക്കുമായി സിനിമയിൽ നിന്നും തുടച്ച് നീക്കപ്പെടും. അതിക്രമം കാട്ടിയവരിൽ ഉന്നതരുമുണ്ട്. ശുചിമുറി സൗകര്യങ്ങൾ പോലും നിഷേധിച്ചിട്ടുണ്ടെന്നും, പരാതി പറഞ്ഞാൽ സിനിമയിൽ വിലക്കുണ്ടെന്നും. വീട്ടുകാർക്ക് പോലും സുരക്ഷയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
2019 ഡിസംബർ 31നാണ് റിപ്പോർട്ട് ഹേമാ കമ്മിറ്റി സംസ്ഥാന സർക്കാരിന് സമർപ്പിക്കുന്നത്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് മലയാള സിനിമയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ ഹേമാ കമ്മിറ്റിയെ നിയോഗിച്ചത്. സിനിമാ മേഖലയിൽ നേരിടുന്ന ചൂഷണങ്ങൾ ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ടാണിത്.