തിരുവനന്തപുരം :- ചോദ്യപ്പേപ്പർ ചോർച്ചയിൽ അന്വേഷണം വൈകുന്ന സാഹചര്യത്തിൽ അന്യേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. പത്താംക്ലാസ്, പ്ലസ് വൺ ക്രിസ്മസ് പരീക്ഷകളുടെ ചോദ്യക്കടലാസ് ചോർന്നസംഭവത്തിൽ നടപടി വൈകുന്നതിൽ ദുരൂഹത. ആരോപണമുയർന്ന വ്യാഴാഴ്ചതന്നെ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ പരാതിനൽകിയിരുന്നു. വെള്ളിയാഴ്ച കോഴിക്കോട്ടെ സിറ്റി, റൂറൽ പോലീസ് മേധാവികൾക്കും പരാതിനൽകി. ശനിയാഴ്ച ഡി.ജി.പി.ക്കും സൈബർ പോലീസിനും പൊതുവിദ്യാഭ്യാസ ഡയറക്ടറും പരാതിനൽകി.
സംഭവംനടന്ന് അഞ്ചുദിവസമായിട്ടും ചോദ്യക്കടലാസ് ഉൾപ്പെടുത്തി വീഡിയോ തയ്യാറാക്കിയ സ്ഥാപനത്തിനെതിരേ ഒരു നടപടിയും ഉണ്ടായിട്ടില്ല. സ്ഥാപനാധികൃതരെ പോലീസ് ചോദ്യംചെയ്യാൻ വിളിപ്പിച്ചിട്ടുപോലുമില്ല. അന്വേഷണം വൈകുന്നതിനുപിന്നിൽ ഭരണാനുകൂല അധ്യാപകസംഘടനയുടെയും ഉദ്യോഗസ്ഥരുടെയും താത്പര്യമാണെന്നാണ് ആരോപണം. ആരോപണവിധേയമായ പരീക്ഷകൾ റദ്ദാക്കണമെന്നും വിഷയത്തിൽ വിജിലൻസ് അന്വേഷണംനടത്തണമെന്നും കെ.എസ്.യു. കോഴിക്കോട് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. ഇടത് വിദ്യാർഥിസംഘടനകളും പ്രതിഷേധവുമായി രംഗത്തുണ്ട്. കുറ്റക്കാർക്കെതിരേ കർശനനടപടി സ്വീകരിക്കണമെന്നും അല്ലെങ്കിൽ സമരരംഗത്തിറങ്ങുമെന്നും എ.ഐ.എസ്.എഫ്. സംസ്ഥാന എക്സിക്യുട്ടീവ് വ്യക്തമാക്കി.
വിവാദത്തിലുൾപ്പെട്ട എം.എസ്. സൊല്യൂഷൻസ് യുട്യൂബ് ചാനലിൽ ക്ലാസിനിടെ അധ്യാപകർ ദ്വയാർഥപ്രയോഗം നടത്തുന്നതായി ആക്ഷേപമുണ്ട്. സി.ഇ.ഒ. ഷുഹൈബ് ക്ലാസിനിടെ മുണ്ടുയർത്തി കൈയിൽപ്പിടിക്കുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്. അറബിക് ക്ലാസിനിടെ ഇദ്ദേഹം ദ്വയാർഥപ്രയോഗവും നടത്തുന്നുണ്ട്. ചാനലിന്റെ ഇൻസ്റ്റഗ്രാം ഫാൻപേജിൽ ഇത്തരം ഭാഗങ്ങൾ പ്രത്യേകം ഉൾപ്പെടുത്തി പ്രചരിപ്പിക്കുന്നുണ്ട്. വിവാദമായതോടെ പല വീഡിയോകളും നീക്കംചെയ്തനിലയിലാണ്. യുട്യൂബ് ചാനലിലെ അശ്ലീലച്ചുവയുള്ള പരമർശങ്ങൾക്കെതിരേ അന്വേഷണമാവശ്യപ്പെട്ട് എ.ഐ.വൈ.എഫ്. കൊടുവള്ളി മണ്ഡലംകമ്മിറ്റി പോലീസിൽ പരാതിനൽകിയിട്ടുണ്ട്.
യുട്യൂബ് ചാനലിന്റെ ഓഫീസുള്ള കൊടുവള്ളി മേഖലയിൽ കഴിഞ്ഞ ഓണപ്പരീക്ഷയ്ക്ക് കുട്ടികൾ വ്യാപകമായി കോപ്പിയടിച്ചത് കണ്ടെത്തിയിരുന്നു. യുട്യൂബിൽനിന്ന് കിട്ടിയ ചോദ്യങ്ങൾക്ക് കുട്ടികൾ ഉത്തരം തയ്യാറാക്കിക്കൊണ്ടുവരുകയായിരുന്നു. പരാതിയിൽ കൊടുവള്ളി എ.ഇ.ഒ. അന്വേഷണംനടത്തുകയും താമരശ്ശേരി ഡി.ഇ.ഒ. മുഖേന പൊതുവിദ്യാഭ്യാസ ഡയറക്ടറെ വിവരം ധരിപ്പിക്കുകയും ചെയ്തു.
കോഴിക്കോട്: യുട്യൂബ് ചാനലിന്റെ പ്രവർത്തനം താത്കാലികമായി നിർത്തുന്നതായി പരീക്ഷാപ്പേപ്പർ ചോർച്ചയിൽ ആരോപണം നേരിടുന്ന ചാനലിന്റെ ഉടമ. ചൊവ്വാഴ്ച രാത്രി പുറത്തുവിട്ട വീഡിയോയിലാണ് എം.എസ്. സൊല്യൂഷൻസ് സി.ഇ.ഒ. ഷുഹൈബ് പ്രതികരിച്ചത്. അന്വേഷണത്തോട് നിയമപരമായി സഹകരിക്കുന്നുണ്ട്. മാധ്യമങ്ങളോട് പ്രതികരിക്കേണ്ടെന്നാണ് ഡയറക്ടർമാരുടെ നിർദേശം-ഷുഹൈബ് പറഞ്ഞു.
വാർഷിക പരീക്ഷകൾക്കായുള്ള നടപടിക്രമങ്ങൾ കൂടുതൽ കർക്കശമാണെന്ന് ശിവൻകുട്ടി പറഞ്ഞു. പ്ലസ് ടു ഹയർസെക്കൻഡറി പരീക്ഷകൾക്ക് അഞ്ച് സെറ്റ് ചോദ്യപേപ്പറുകളും എസ്എസ്എൽസി പരീക്ഷയ്ക്ക് നാലെണ്ണവുമാണ് തയ്യാറാക്കിയത്. സംസ്ഥാനത്തിന് പുറത്തുള്ള പ്രസ്സുകളിൽ ഇവ അച്ചടിച്ചു. തുടർന്ന് എസ്എസ്എൽസി ചോദ്യപേപ്പറുകൾ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലേക്കും പ്ലസ് ടു ചോദ്യപേപ്പറുകൾ പരീക്ഷാ കേന്ദ്രങ്ങളിലേക്കും അയച്ചു. ചോദ്യപേപ്പർ തയ്യാറാക്കുന്നതിനും വിതരണത്തിനുമായി അതീവ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്.