തിരുനെല്‍വേലി കോടതിപരിസരത്ത് യുവാവിനെ വെട്ടിക്കൊന്നു. കീഴനത്തം സ്വദേശി മായാണ്ടിയാണ് കൊല്ലപ്പെട്ടത്. കേസില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുനെല്‍വേലി പാളയംകോട്ടെയില്‍ വച്ചാണ് സംഭവം. പട്ടാപകല്‍ യുവാവിനെ നാലംഗ സംഘം വെട്ടിക്കൊല്ലുകയായിരുന്നു. ലോക്കല്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ഹാജരാകാന്‍ എത്തിയതായിരുന്നു മായാണ്ടി. കോടതിയിലെത്തിയ സംഘം ഇയാളെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് കോടതി പരിസരത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പ്രതികള്‍ പിന്തുടര്‍ന്നു. കോടതിക്ക് പുറത്തെത്തിയതോടെ മായാണ്ടിയെ ക്രൂരമായി വെട്ടി.
ബോധരഹിതനായി മായാണ്ടി വീണതോടെ പ്രതികള്‍ കാറില്‍ രക്ഷപ്പട്ടു. പൊലീസെത്തിയപ്പോഴേക്കും മായാണ്ടി മരിച്ചിരുന്നു. മൃതദഹേം പോസറ്റുമോര്‍ട്ടത്തിനായി മാറ്റി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രാമകൃഷ്ണന്‍ എന്നയാള്‍ പിടിയിലായി. മൂന്ന് പ്രത്യേക സംഘമായി തിരിഞ്ഞ് സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ളവയുടെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ മൂന്നുപേരെകൂടി അറസ്റ്റുചെയ്തു. ശിവ, തങ്ക മഹേഷ്, മനോരാജ്, എന്നിവരെ തിരുനെല്‍വേലി താലൂക്ക് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. മരിച്ച മായാണ്ടിക്ക് നേരെ നേരത്തേയും വധശ്രമം ഉണ്ടായിട്ടുുണ്ടെന്നാണ് വിവരം.