കാഞ്ഞിരപ്പളളി :- ഇരട്ടക്കൊലക്കേസിലെ പ്രതി ജോര്‍ജ് കുര്യന് ഇരട്ട ജീവപര്യന്തവും 20 ലക്ഷം പിഴയും ശിക്ഷ വിധിച്ച് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി. പിഴത്തുകയായ 20 ലക്ഷം രൂപ കൊല്ലപ്പെട്ട സഹോദരന്‍റെ കുടുംബത്തിന് നല്‍കണം. വിവിധ വകുപ്പുകളിലായി എട്ടുവര്‍ഷവും മൂന്നുമാസവും ശിക്ഷയും കോടതി വിധിച്ചു. സ്വത്ത് തര്‍ക്കത്തിന്‍റെ പേരില്‍ പ്രതി സഹോദരനെയും മാതൃസഹോദരനെയും വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.
കുറ്റക്കാരനെന്ന് കണ്ടെത്തിയതിന് പിന്നാലെ തന്‍റെ പ്രായം പരിഗണിക്കണമെന്നും പ്രായമായ അമ്മയെ നോക്കാൻ അനുവദിക്കണമെന്നും ജോർജ് കുര്യൻ കോടതിയിൽ പറഞ്ഞിരുന്നു. എന്നാൽ പ്രതിയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്നും, മുൻകൂട്ടി ആസൂത്രണം ചെയ്താണ് കൊലപാതകം നടപ്പിലാക്കിയതെന്നും പ്രോസിക്യൂഷൻ വാദിച്ചു. 2022 മാർച്ച് എഴിനാണ് കേസിനാസ്പദമായ കുറ്റകൃത്യം നടന്നത് സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരൻ രഞ്ജു കുര്യനെയും മാതൃസഹോദരൻ മാത്യു സ്കറിയയെയും പ്രതി വെടിവെച്ച് കൊല്ലുകയായിരുന്നു.