പള്ളിക്കരണിയില്‍ റോഡപകടത്തില്‍ രണ്ട് ടെക്കികള്‍ക്ക് ദാരുണന്ത്യം. സഹപ്രവര്‍ത്തകന്റെ ഫെയര്‍വെല്‍ പാര്‍ട്ടിക്ക് മദ്യവും വാങ്ങി സുഹൃത്തിന്റെ റൂമിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടം നടന്നത്. അപകടത്തിന്റെ ആഘാതത്തില്‍ പല്ലാവാരം സ്വദേശിയായ ഗോകുലിന്റെ തല ശരീരത്തില്‍ നിന്നും വേര്‍പ്പെട്ട നിലയിലാണ്.
കൂടെ മരിച്ച സുഹൃത്തിൻ്റെ പേര് വിഷ്ണു. ഇരുവര്‍ക്കും 24 വയസ് മാത്രമായിരുന്നു പ്രായം. പെരുന്‍ഗുഡിയിലെ ഒരു സോഫ്ട്‌വെയർ കമ്പനിയിലെ ടെക്കികളാണിവര്‍. വെസ്റ്റ് മമ്പാലത്തെ ഒരു വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു വിഷ്ണു. ഗോകുല്‍ പല്ലാവാരത്ത് ശങ്കര്‍നഗര്‍ നിവാസിയാണ്. ശനിയാഴ്ച രാത്രി ഇരുവരും സഹപ്രവര്‍ത്തകനായ അജേഷിനെ സന്ദര്‍ശിച്ചിരുന്നു. പള്ളിക്കരണിയിലെ രാജലക്ഷ്മി നഗറിലാണ് അജേഷ് താമസിക്കുന്നത്. പൊലീസ് അന്വേഷണത്തില്‍ എട്ടു സുഹൃത്തുക്കള്‍ ഒരുമിച്ച് പാര്‍ട്ടി നടത്തിയെന്നും ഇതിനിടയില്‍ മദ്യം തികയാതെ വന്നപ്പോള്‍ അത് വാങ്ങാനായി പുറപ്പെട്ടതാണിവരെന്നും വ്യക്തമായിട്ടുണ്ട്.
അശ്രദ്ധമായി വാഹനോടിച്ചതിനിടെ, വണ്ടി മീഡിയനില്‍ ഇടിച്ച് ഇരുവരും തെറിച്ചുവീണാണ് അപകടം സംഭവിച്ചത്. ഇതിനിടയില്‍ ഇലക്ട്രിക്ക് പോളിലിടിച്ചാണ് ഗോകുലിന്റെ തല വേര്‍പ്പെട്ട് പോയത്. വിഷ്ണുവും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഇരുവരും മദ്യപിച്ചിരുന്നോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.