ഉത്തർപ്രദേശ് : ഉത്തർപ്രദേശിൽ സുകുമാര കുറിപ്പ് മോഡൽ കൊലപാതകം. സ്വന്തം മരണം തെളിയിച്ച് ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ തന്റെ രൂപസാദൃശ്യം ഉള്ളയാളെ കാറലിട്ട് ജീവനോടെ കത്തിച്ച ഡോക്ടർ പൊലീസ് കസ്റ്റഡിയിൽ. സുകുമാരക്കുറുപ്പ് കൊലപാതകം നടത്തി 40 വർഷങ്ങൾക്കിപ്പുറവും പിടികിട്ടാ പുള്ളിയായി തുടരുകയാണെങ്കിൽ സഹാറൻപൂരിലെ സുകുമാരക്കുറുപ്പിനെ മൂന്ന് ദിവസം കൊണ്ട് യുപി പൊലീസ് പിടികൂടി.
സഹാറൻപൂരിലെ ഹബീബ്ഗഡിൽ ഡോക്ടറായ 35 കാരൻ മുബാറിക് അഹമ്മദ് ആണ് തന്റെ ക്ലിനിക്കിന് സമീപം താമസിച്ചു വന്നിരുന്ന സോനുവിനെ കാറിലിട്ട് ചുട്ടെരിച്ചു കൊന്നത്. 30 ലക്ഷത്തോളം രൂപയുടെ കടബാധ്യത ഇയാൾക്ക് ഉണ്ടായിരുന്നു. ഇൻഷുറൻസ് തുക കിട്ടിയാൽ തന്റെ ബാധ്യതകൾ തീർക്കാമെന്ന ഉദ്ദേശത്തോടുകൂടിയാണ് ഇയാൾ സോനുവിനെ കൊന്നത്. മൂന്ന് വർഷമായുള്ള പരിചയമാണ് ഇരുവരും തമ്മിൽ. മദ്യം വാങ്ങി തരാമെന്ന വ്യാജേനയാണ് ഇയാൾ സോനുവിനെ കൊല്ലാനായി വിളിച്ചുകൊണ്ടു പോകുന്നത്. മദ്യം വാങ്ങി നല്കുകയും ബോധം പോകുന്നതുവരെ കാത്തിരുന്ന ഡോക്ടർ ഇയാളെ സഹാറൻപൂരിലെ ഒരു കനാലിനടുത്തുള്ള ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി കാറിനുള്ളിൽ പൂട്ടിയിട്ട് കത്തിക്കുകയുമായിരുന്നു. വാഹനത്തിന് തീപിടിക്കുന്ന സമയംകൊണ്ട് ഡോക്ടർ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകുകയായിരുന്നു.
വഴിയാത്രക്കാരനാണ് കാറും കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹവും ആദ്യം കാണുന്നത്. തുടർന്ന് ഇയാൾ പൊലീസിൽ വിവരമറിയിക്കുകയും സ്ഥലത്ത് ഫോറൻസിക് സംഘം പരിശോധന നടത്തുകയും ചെയ്തു. എന്നാൽ കൊല്ലപ്പെട്ട സോനുവിനെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയതോടെ കാര്യങ്ങൾ കൈവിട്ടുപോകുകയായിരുന്നു. മുബാറിക്കിനൊപ്പം സോനുവിനെ കണ്ടെന്നും ഇരുവരും അവസാനമായി മദ്യപിക്കുന്നത് കണ്ടിരുന്നുവെന്നും നാട്ടുകാർ പൊലീസിന് വിവരം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഡോക്ടറായ മുബാറക്കിനെ പിടികൂടുകയും ഇയാൾ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയുമായിരുന്നു
.