ഇടുക്കി: കട്ടപ്പനയിൽ ജീവനൊടുക്കിയ സാബുവിന്റെ നിക്ഷേപത്തുക സഹകരണ സ്ഥാപനം തിരികെ നൽകി. നിക്ഷേപത്തുകയായ 14,59,940 രൂപയാണ് ഇപ്പോൾ തിരികെ നൽകിയിരിക്കുന്നത്. കട്ടപ്പന പള്ളിക്കവലയിൽ ലേഡീസ് സെന്റർ നടത്തിയിരുന്ന മുളങ്ങാശേരിയിൽ സാബുവിന്റെ പണമാണ് കട്ടപ്പന റൂറൽ ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി തിരികെ നൽകിയത്.
നിക്ഷേപത്തുക തിരികെ നൽകാത്തതിനെ തുടർന്ന് ഡിസംബർ 20-നാണ് സാബു ജീവനൊടുക്കിയത്. നിക്ഷേപത്തുക നേരത്തെ നൽകിയിരുന്നെങ്കിൽ സാബുവിന്റെ ജീവൻ നഷ്ടപ്പെടില്ലായിരുന്നു. നിക്ഷേപത്തുകയിൽ നിന്നും 2 ലക്ഷം രൂപയാണ് സാബു തിരികെ ആവശ്യപ്പെട്ടിരുന്നത്. ബാങ്ക് അധികൃതർ ഇന്നലെയാണ് പണം കൈമാറിയത്.
നിക്ഷേപത്തുക തിരികെ ചോദിച്ചപ്പോൾ സാബുവിനോട് ജീവനക്കാർ അപമര്യാദയായി പെരുമാറുകയാണുണ്ടായത്. അതിനു പിന്നാലെയാണ് സാബു ജീവൻ ഒടുക്കിയത്. സാബുവിനെ ഭീഷണിപ്പെടുത്തിയവർക്കെതിരെ പോലീസ് കേസ് എടുത്തെങ്കിലും പൊലീസിന്റെ മെല്ലെ പോക്ക് തുടരുകയാണ്. ഇതിനിടെ ഇന്ന് പുലർച്ചെ സാബുവിന്റെ മാതാവ് ത്രേസ്യാമ്മ തോമസ് മരണപ്പെട്ടു. വാർദ്ധക്യസഹജമായ രോഗങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലിരിക്കെയായിരുന്നു മരണം.