നാദാപുരം ടൗണിൽ മത്സ്യ മാർക്കറ്റിന് സമീപം ഉടമസ്ഥനില്ലാത്ത നിലയിൽ കണ്ടെത്തിയ ഒരു പാർസൽ കെട്ട് ഭീതി പരത്തി. സംഭവം അറിഞ്ഞ് പോലീസും ബോംബ് സ്ക്വാഡും കുതിച്ചെത്തിപരിശോധന നടത്തി. ഇന്നലെ രാവിലെ മുതൽ വൈകുന്നേരം അഞ്ച് മണി വരെ റോഡിൽ ഉടമസ്ഥരില്ലാത്ത നിലയിൽ പാർസൽ കെട്ട് കണ്ടതോടെയാണ് വ്യാപാരികൾ പോലീസിൽ വിവരം അറിയിച്ചത്. തുടർന്ന് പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു.
എന്നാൽ സ്ഫോടക വസ്തുക്കളോ, പാർസൽ കെട്ടുകൾക്കകത്ത് ലോഹ ഭാഗങ്ങളോ ഇല്ലെന്ന് മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ മനസ്സിലായി. തുടർന്ന് സമീപത്തെ കടയിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് ടൂറിസ്റ്റ് ബസ്സിൽ നിന്ന് മൂന്ന് കെട്ടുകൾ ഇറക്കുന്നത് കണ്ടെത്തുകയും രണ്ട് കെട്ടുകൾ മറ്റൊരു വാഹനത്തിൽ കയറ്റി കൊണ്ടു പോകുന്നതും വീഡിയോയിൽ കാണുന്നത്.
ഉപേക്ഷിച്ച നിലയിൽ കണ്ട കെട്ടിൽ, പോളിത്തീൻ കവറുകൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിറച്ച് ടൗണിൽ ഉപേക്ഷിക്കുകയായിരുന്നെന്ന് മനസിലായത് അപ്പോഴാണ്. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും നടപടി എടുക്കുമെന്നും പോലീസ് അറിയിച്ചു.,