വന്യമൃഗങ്ങളെ പ്രോകോപിപ്പിച്ച് അപകടം വിളിച്ച് വരുത്തുന്നവർക്ക് താക്കീതായി ഐ.എഫ്.എസ് ഉദ്യോഗസ്ഥൻ എക്സില്‍ പങ്കുവച്ച വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. തേയിലത്തോട്ടത്തില്‍ പിടിയാന ഉള്‍പ്പെടുന്ന ആനക്കൂട്ടത്തെ പലതവണ അനാവശ്യമായി പ്രകോപിപ്പിക്കുന്ന യുവാവിന്റേതാണ് ദൃശ്യങ്ങള്‍.
പിന്നാലെ നടന്ന് പ്രകോപിപ്പിക്കാൻ ശ്രമിക്കുന്ന യുവാവിനുനേരെ നിരവധി തവണ ആന പാഞ്ഞടുക്കുന്നതും കാണാം, എന്നാല്‍ ഉപദ്രവിക്കാൻ മുതിർന്നില്ല . ഇത് മുതലെടുത്ത യുവാവ് പിന്നെയും കുട്ടിയാനകളെ പിന്തുടർന്ന് ശല്യപ്പെടുത്തുന്നതും ദൃശ്യങ്ങളിലുണ്ട്. ആനക്കൂട്ടം ഇയാളെ ഉപദ്രവിക്കാതെ വഴിമാറി നടന്നു, എന്നാല്‍ യുവാവിന് നേരെ വിമർശനവുമായി നിരവധിപേർ രംഗത്തെത്തി.
സംഭവം നടന്നതെവിടെ എന്ന് വ്യക്തമല്ല, എന്നാല്‍ കൂട്ടത്തിലെ മൃഗത്തെ തിരിച്ചറിയുക എന്ന തലക്കെട്ടോടെയാണ് ഐ.എഫ്.എസ് ഉദ്യോഗസ്ഥൻ വീഡിയോ പങ്കുവച്ചത്. നിങ്ങള്‍ ചെറുപ്പക്കാരായതിനാല്‍ ആനക്കൂട്ടത്തില്‍ നിന്ന് ഓടി രക്ഷപ്പെടാൻ സാധിച്ചേക്കാം എന്നാല്‍ പ്രകോപിതരായ ഈ മൃഗങ്ങള്‍ മറ്റു മനുഷ്യരോട് പക തീർത്തേക്കാം, തമാശയ്ക്കു പോലും വന്യമൃഗങ്ങളെ ഉപദ്രവിക്കരുതെന്നും ഉദ്യോഗസ്ഥൻ താക്കീത് നല്‍കുന്നു .