ഇടുക്കി : ഇടുക്കി ബോഡിമെട്ട് ചെക്ക് പോസ്റ്റിലൂടെ നികുതി വെട്ടിച്ചു കടത്താൻ ശ്രമിച്ച 2000 കിലോഗ്രാം ഏലക്ക പിടികൂടി. 60 ലക്ഷം രൂപ വില വരുന്ന ഏലക്കയാണ് തമിഴ്‌നാട്ടിലേക്ക് കടത്താൻ ശ്രമിയ്ക്കുന്നതിനിടെ ജിഎസ്‌ടി എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡ് പിടികൂടിയത്.
സംസ്‌ഥാന ജിഎസ്‌ടി വകുപ്പ് എൻഫോഴ്‌സ്മെന്റ്റ് ആൻഡ് ഇന്റലിജെൻസ് ജോയിന്റ് കമ്മിഷണർ ബി. പ്രമോദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിാണ് നികുതിയടക്കാതെയും രേഖകളില്ലാതെയും തമിഴ്‌നാട്ടിലേക്ക് കടത്താൻ ശ്രമിച്ച ഏലക്കയും വാഹനവും സ്ക്വാഡ് പിടികൂടിയത്. ജിഎസ്ടി എറണാകുളം എൻഫോഴ്‌സ്മെന്റ്റ് ഡപ്യൂട്ടി കമ്മിഷണർ എസ്. റെജി, അസിസ്‌റ്റന്റ്റ് കമ്മിഷണർ ബിജു സക്കറിയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നികുതി വെട്ടിപ്പ് കണ്ടെത്തിയത്.
കസ്റ്റഡിയിലെടുത്ത വാഹനവും ഏലക്കയും ശാന്തൻപാറ പൊലീസ് സ്‌റ്റേഷനിലെത്തിച്ചു. പിഴ ഈടാക്കിയ ശേഷം വാഹനവും ഏലക്കയും വിട്ടു നൽകും. ബിഎൽ റാം സ്വദേശി സജീവനാണ് ഏലക്ക കടത്തിയതെന്ന് എൻഫോഴ്‌സ്മെന്റ്റ് സ്ക്വാഡ് ഉദ്യോഗസ്‌ഥർ പറഞ്ഞു. ഉദ്യോഗസ്‌ഥരെ സ്വാധീനിച്ച് നികുതി വെട്ടിപ്പ് നടത്തി തമിഴ്‌നാട്ടിലേക്ക് ഏലക്ക കടത്തുന്ന സംഘങ്ങൾ ജില്ലയിലുണ്ടെന്ന് ജിഎസ്ടി വിഭാഗത്തിന് പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഒരു മാസത്തോളമായി ജിഎസ്ടി വിഭാഗം മേഖലയിൽ നിരീക്ഷണം നടത്തി വരികയായിരുന്നു.