കടുവയെ കൂട്ടിലാക്കിയ സന്തോഷത്തിലാണ് ദേവർ ഗദ്ദയിലെ നാട്ടുകാർ .പത്ത് ദിവസം അവരെ ഭരിച്ച ഭീതിയാണ് ഒഴിഞ്ഞ് പോയിരിക്കുന്നത്. കഴിഞ്ഞ ഏഴാം തീയതി അമരക്കുനി നഗരത്തിൽ ജോസിൻ്റെ ആടിനെ കടുവ പിടിച്ചത് മുതൽ പുൽപ്പള്ളി പഞ്ചായത്തിൽ കടുവ ഭീതി നിലനിൽക്കുന്നുണ്ടായിരുന്നു.
ഇതിനകം കടുവ കൊന്നിട്ടുള്ളത് അഞ്ച് ആടുകളെയാണ് . കൂടുകൾ, ക്യാമറ എന്നിവ സ്ഥാപിച്ച് കടുവയെ കുരുക്കാനുള്ള ശ്രമത്തിലായിരുന്നു വനപാലകർ. ‘ബത്തേരി, മാനന്തവാടി റേഞ്ചിലെ ആർആർ ടീമും വനപാലകരും ആണ് കടുവയെ പിടികൂടുവാനുള്ള ദൗത്യം ഏറ്റെടുത്തിരുന്നത്.
വനം വകുപ്പിൻ്റെ മുഴുവൻ സന്നാഹവും ചേർന്ന ദൗത്യമാണ് നടന്നത്. തൂപ്ര ഭാഗത്ത് സ്ഥാപിച്ച കൂട്ടിൽ ആണ് കടുവ അകപ്പെട്ടത്. ചെതല തറ റേഞ്ചിൻ്റെ ഇരുളം, പുൽപള്ളി, വണ്ടിക്കടവ് ഫോറസ്റ്റേഷൻ സ്റ്റാഫ് ആണ് ദൗത്യത്തിൽ പങ്കെടുത്തത്.
കടുവയെ കൂട്ടിലാക്കാൻ സാധിച്ചതിൽ ആശ്വസമുണ്ടെന്നും പത്ത് ദിവസത്തെ ജനങ്ങളുടെ ഭീതി ഒഴിഞ്ഞുവെന്നും വയനാട് സൗത്ത് ഫോറസ്റ്റ് റേഞ്ച് ഓഫീസർ അജിത് കെ രാമൻ പറഞ്ഞു.