ഡബ്ലിൻ :- വീടിന് മുന്നിൽ കളിക്കുന്നതിനിടെ ആറു വയസ്സുകാരിയായ മലയാളി പെൺകുട്ടിക്ക് നേരെ വംശീയാക്രമണം. തെക്കുകിഴക്കൻ അയർലൻഡിലെ വാട്ടർഫോർഡ് സിറ്റിയിൽ വച്ച് കുട്ടിക്കെതിരെ അഞ്ചംഗം സംഘമാണ് വംശീയാക്രമണം നടത്തിയത്. അയർലൻഡിൽ നഴ്സും കോട്ടയം സ്വദേശികളുമായ ദമ്പതികളുടെ മകളാണ് ആക്രമണത്തിന് ഇരയായത്.
എട്ട് വർഷം മുൻപ് അയർലൻഡിലേക്ക് കുടിയേറിയ ഇവർക്ക് അടുത്തിടെയാണ് ഐറിഷ് പൗരത്വം ലഭിച്ചത്.
വീടിന് പുറത്ത് ഓഗസ്റ്റ‌് നാലിന് വൈകിട്ട് സുഹൃത്തുക്കൾക്കൊപ്പം കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെയാണ് സംഘം ചേർന്ന് ആക്രമിച്ചത്. പെൺകുട്ടിയുടെ സമീപത്തേക്ക് പന്ത്രണ്ടിനും പതിനാലിനും ഇടയിൽ പ്രായമുള്ള ആൺകുട്ടികളും എട്ട് വയസ്സുകാരിയായ പെൺകുട്ടിയും ഉൾപ്പെടുന്ന അഞ്ചംഗ സംഘമെത്തിയാണ് വംശീയാധിക്ഷേപവും ആക്രമണവും നടത്തിയത്
അഞ്ചംഗ സംഘത്തിൽ ഒരാൾ കുട്ടിയുടെ മുഖത്തും സ്വകാര്യ ഭാഗങ്ങളിലും ഇടിയ്ക്കുകയും കഴുത്തിൽ പിടിച്ചു തള്ളുകയും മുടിയിൽ പിടിച്ച് വലിക്കുകയും ചെയ്തു. ഇന്ത്യക്കാർ വൃത്തികെട്ടവരാണെന്നും ഇന്ത്യയിലേക്ക് തിരിച്ചു പോകൂ എന്നുമായിരുന്നു സംഘത്തിന്റെ ആക്രോശം. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് ഐറിഷ് പൊലീസ് വ്യക്തമാക്കി.
മകളും സുഹൃത്തുക്കളും കളിക്കുന്നത് നോക്കി നിൽക്കുന്നതിനിടെ ഇളയകുഞ്ഞിന് പാൽ കൊടുക്കാനായി അമ്മ വീടിനുള്ളിലേക്ക് കയറിയപ്പോഴാണ് സംഭവം. സൈക്കിളില്‍ എത്തിയ കൗമാരക്കാര്‍ പെണ്‍കുട്ടിയെ സൈക്കിള്‍ ഇടിപ്പിക്കുകയും അസഭ്യം പറഞ്ഞ് ഇന്ത്യയിലേക്ക് മടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു. മകൾ കരഞ്ഞു കൊണ്ടു വീട്ടിലേക്ക് കയറി വരികയായിരുന്നുവെന്നും സംഘം ചേർന്നുള്ള ആക്രമണത്തിൽ മകൾ ഭയന്നു പോയതായും അമ്മ വ്യക്തമാക്കി. മകൾക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കൂട്ടുകാരിയാണ് ആക്രമണം ഉണ്ടായതായി വെളിപ്പെടുത്തിയത്.
കുറ്റക്കാരായ കുട്ടികൾക്കെതിരെ ശിക്ഷാ നടപടികൾ അല്ല പകരം കൗൺസിലിങ്ങും ഉപദേശവുമാണ് നൽകേണ്ടതെന്നും അവർ അഭിപ്രായപ്പെട്ടു. വീടിനുള്ളിൽ മകൾ സുരക്ഷിതയാണെന്നാണ് കരുതിയതെന്നും ഇത്തരമൊരു ആക്രമണം അപ്രതീക്ഷിതമാണെന്നും അമ്മ വ്യക്തമാക്കി.