കോഴിക്കോട് :- കരിക്കാംകുളത്ത് സഹോദരിമാരെ കൊലപ്പെടുത്തിയ ശേഷം സഹോദരൻ പ്രമോദ് നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചു. പുലർച്ചെ അഞ്ചുമണിയോടെ വീട്ടിൽ നിന്നിറങ്ങിയ പ്രമോദ്, കോഴിക്കോട് കാരാപറമ്പിലൂടെ നടന്നുപോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്.
കൃത്യത്തിന് ശേഷം പുലർച്ചെ അഞ്ചുമണിയോടെ ബന്ധുക്കളെ ഫോണിൽ വിളിച്ച് മരണവിവരം അറിയിച്ച ശേഷമാണ് പ്രമോദ് വീട്ടിൽ നിന്നിറങ്ങിയത്. ഇയാളുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ അവസാനമായി കാണിച്ചത് ഫറോക്ക് പാലത്തിനു സമീപമായിരുന്നു.
സഹോദരിമാരും സഹോദരനും തമ്മിൽ പ്രശ്നങ്ങളൊന്നുമുള്ളതായി വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
ഫോൺ പുഴയിൽ ഉപേക്ഷിച്ച ശേഷം പ്രമോദ് രക്ഷപ്പെട്ടിരിക്കാമെന്നതാണ് പ്രാഥമിക നിഗമനം. ട്രെയിൻ മാർഗം മറ്റേതെങ്കിലും സ്ഥലത്തേക്ക് കടക്കാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. പ്രതിക്കായി പൊലീസ് നേരത്തെ ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. സഹോദരിമാരായ ശ്രീജയുടെയും പുഷ്പലളിതയുടെയും ആരോഗ്യപ്രശ്നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും കാരണമുണ്ടായ മാനസിക സംഘർഷമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
ജില്ലാ ക്രൈം സ്‌ക്വാഡ്, മെഡിക്കല്‍ കോളജ് അസിസ്റ്റന്റ് കമ്മിഷണറുടെ സ്‌ക്വാഡ്, ചേവായൂര്‍ പൊലീസ് എന്നിവര്‍ സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. ജില്ലയ്ക്കു പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.