തിരുവനന്തപുരം :- കെഎസ്ആര്‍ടിസി ബസുകളുടെ വാതിലുകളിൽ അടയ്ക്കാനായി കെട്ടിയിരിക്കുന്ന പ്ലാസ്റ്റിക് കയര്‍ ഒഴിവാക്കാൻ കർശന നിർദ്ദേശം. കെഎസ്ആര്‍ടിസി മെക്കാനിക്കൽ എൻജിനീയറാണ് അടിയന്തര ഉത്തരവ് പുറപ്പെടുവിച്ചത്. കെഎസ്ആര്‍ടിസിയുടെ എല്ലാ യൂണിറ്റുകള്‍ക്കും നിർദ്ദേശം നൽകി.
ഇത്തരത്തിൽ കെട്ടുന്ന കയറുകൾ യാത്രക്കാരുടെ കഴുത്തിൽ തട്ടി ജീവനു തന്നെ അപകടമുണ്ടാക്കാൻ ഇടയാക്കുമെന്ന് മനുഷ്യാവകാശ കമ്മിഷനു മുമ്പാകെ പരാതി ലഭിച്ചിരുന്നു. തുടര്‍ന്നാണ് ഇതുസംബന്ധിച്ച തീരുമാനം കെഎസ്ആര്‍ടിസിയെടുത്തത്. കയറുകൾ അടിയന്തരമായി മാറ്റിയില്ലെങ്കിൽ യൂണിറ്റ് അധികാരികൾ ഉത്തരവാദികളായിരിക്കുമെന്നാണ് ഉത്തരവിൽ പറയുന്നത്. തുറന്നുകിടക്കുന്ന വാതിലുകള്‍ വേഗത്തിൽ വലിച്ചടക്കുന്നതിനായാണ് ഇത്തരത്തിൽ കയറുകള്‍ കെട്ടിയിട്ടിരിക്കുന്നത്.