സംസ്ഥാനത്ത് കാലവർഷം ശക്തി പ്രാപിച്ചു. 14 ജില്ലകളിലും മഴ മുന്നറിയിപ്പ്, 24 മണിക്കൂറിനിടെ പെയ്തത് ഈ കാലവർഷ സീസണിലെ ഏറ്റവും കൂടിയ മഴ. ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കോട്ടയത്ത്.
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മലയോര മേഖലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്, തിരുവനന്തപുരം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, കൊല്ലം, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മറ്റന്നാൾ വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
മഹാരാഷ്ട്ര തീരം മുതൽ മധ്യകേരള തീരം വരെ ന്യൂനമർദ്ദപാത്തി സ്ഥിതി ചെയ്യുന്നുണ്ട്. ഇതിനൊപ്പം കേരള തീരത്ത് പടിഞ്ഞാറൻ, തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുകയാണ്. ഇതിന്റെ ഫലമായി ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്കും മറ്റിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് പെയ്തത് ഈ കാലവർഷ സീസണിലെ ഏറ്റവും കൂടിയ മഴയാണ്. കോട്ടയത്താണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 103 മില്ലിമീറ്റർ മഴയാണ് കോട്ടയത്ത് ലഭിച്ചത്.
ഇന്ന് കേരള – ലക്ഷദ്വീപ് തീരങ്ങളിലും, ശനിയാഴ്ച വരെ കർണാടക തീരത്തും മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചിലപ്പോഴെല്ലാം മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയും സാധ്യത.
മലയോര തീരദേശ മേഖലയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കുക.