വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ (Commercial LPG cylinders) വില കുറഞ്ഞു. 19 കിലോഗ്രാം സിലിണ്ടറുകൾക്ക് 30- 31 രൂപയാണ് കുറച്ചത്. ഇതോടെ കൊച്ചിയിൽ സിലിണ്ടറുകളുടെ പുതിയ വില ഏകദേശം 1,655 രൂപയായി മാറി. ഇന്ന് 2024 ജൂലൈ 1 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. ഗാർഹിക പാചക വാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.
കഴിഞ്ഞ മാസവും, എണ്ണക്കമ്പനികൾ വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചിരുന്നു.19 കിലോഗ്രാം സിലിണ്ടറുകൾക്ക് 69.50 രൂപ മുതൽ 72 രൂപ വരെയാണ് വില കുറച്ചിരുന്നത്. എണ്ണക്കമ്പനികൾ എല്ലാ മാസവും ഒന്നാം തിയ്യതി LPG വില പുതുക്കി നിശ്ചയിക്കാറുണ്ട്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOC), ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (BPCL), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL) എന്നീ കമ്പനികളാണ് ഇത്തരത്തിൽ എൽ.പി.ജി വില നിശ്ചയിക്കാറുള്ളത്
2024 ഏപ്രിൽ മാസത്തിലും എൽ.പി.ജി വില കുറച്ചിരുന്നു. ഏപ്രിൽ ഒന്നാം തിയ്യതി 30.50 രൂപയുടെ കുറവാണ് വരുത്തിയിരുന്നത്. കഴിഞ്ഞ മെയ് 1ാം തിയ്യതിയും വാണിജ്യ സിലിണ്ടറുകൾക്ക് വില കുറച്ചിരുന്നു. അന്ന് 19 രൂപയുടെ കുറവാണ് വരുത്തിയത്. ഈ മാസത്തെ കുറവ് കൂടി പരിഗണിക്കുമ്പോൾ ഇത്തരത്തിൽ ഈ സാമ്പത്തിക വർഷത്തിൽ ഇതുവരെ ഏകദേശം 149 രൂപയുടെ കുറവാണ് ഒരു സിലിണ്ടറിന് നടപ്പായിരിക്കുന്നത്.
ഈ മാസം വില കുറയ്ക്കാനുള്ള യഥാർത്ഥ കാരണമെന്താണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. രാജ്യത്തെ സാമ്പത്തിക സാഹചര്യൾ മെച്ചപ്പെടുത്താനുള്ള നടപടികൾ കൈക്കൊള്ളുക എന്ന ഉത്തരവാദിത്തം എണ്ണക്കമ്പനികൾ പാലിക്കുന്നു എന്നത് പോസിറ്റീവാണെന്ന് വിലയിരുത്തപ്പെടുന്നു. നിലവിൽ വില കുറച്ചത് ഹോട്ടലുകൾ ഉൾപ്പെടെയുള്ള ഭക്ഷ്യ വ്യവസായ മേഖലയ്ക്കും, ഹോസ്പിറ്റാലിറ്റി ഉൾപ്പെടെ പാചക വാതകത്തെ കൂടുതലായി ആശ്രയിക്കുന്ന മറ്റ് ബിസിനസുകൾക്കും ആശ്വാസം നൽകും