മലപ്പുറം : ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടികളുടെ കയ്യിൽ നിന്നും സ്വർണം തട്ടിയെടുത്ത യുവാവ് മലപ്പുറത്ത് പിടിയിൽ. തിരൂർ ചമ്രവട്ടം സ്വദേശി ഇരുപത്കാരനായ തൂമ്പിൽ മുഹമ്മദ് അജ്മലാണ് കൽപ്പകഞ്ചേരി പോലീസിന്റെ പിടിയിലായത്. പഴയ സ്വർണം പുതിയതാക്കി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പത്താം ക്ലാസ് വിദ്യാർത്ഥിനികളുടെ സ്വർണം അജ്മൽ ഊരി വാങ്ങിയത്.
എന്നാൽ സ്വർണം നൽകിയതിനു ശേഷം ഇൻസ്റ്റഗ്രാമിലൂടെയുള്ള ബന്ധം നിലച്ചു. ഇതോടെ വിദ്യാർഥിനികൾ വിവരം വീട്ടുകാരെ അറിയിച്ചു പോലീസിൽ പരാതി നൽകുകയായിരുന്നു. അജ്മലിന്റെ ഫോൺ നമ്പറോ മറ്റു വിവരങ്ങളോ വിദ്യാർത്ഥിനികളുടെ കൈവശമില്ലായിരുന്നു. അങ്ങനെയാണ് അജ്മൽ വച്ച കെണിയിൽ തന്നെ അജ്മലിനെ കുടുക്കാൻ പോലീസ് തീരുമാനിച്ചത്. ഒരു സ്ത്രീയുടെ പേരിൽ ഐഡി ഉണ്ടാക്കി അജ്മലുമായി ബന്ധം സ്ഥാപിച്ചു. ബന്ധം അടുത്തതോടെ സമാന തട്ടിപ്പിന് അജ്മൽ ശ്രമിച്ചു.
സ്വർണ്ണം വാങ്ങാൻ എത്തിയ അജ്മലിനെ പോലീസ് കയ്യോടെ പൊക്കി. പെൺകുട്ടികളിൽ നിന്ന് വാങ്ങിയ സ്വർണാഭരണങ്ങൾ ചമ്രവട്ടം നരിപ്പറമ്പിൽ വെച്ച് സുഹൃത്ത് നിഫിന് കൈമാറി എന്നാണ് അജ്മൽ പോലീസിന് നൽകിയിട്ടുള്ള മൊഴി. ഇയാളുമായുള്ളതും ഇൻസ്റ്റഗ്രാം വഴിയുള്ള ബന്ധമാണെന്നാണ് അജ്മൽ മൊഴി നൽകിയിട്ടുള്ളത്. പെൺകുട്ടികൾ അജ്മലിനെ തിരിച്ചറിഞ്ഞതോടെ പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. സുഹൃത്ത് നിഫിനെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു. സമാന രീതിയിൽ ഇയാൾ മറ്റ് തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ചു വരുന്നു.