അമ്പലപ്പുഴ: അമ്പലപ്പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം ക്ഷേത്രക്കുളത്തിൽ നിന്ന് ലഭിച്ചതിന് പിന്നാലെ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം അടച്ചു. അമ്പലപ്പുഴ സ്വദേശി മുകേഷിൻ്റെ മൃതദേഹമാണ് ക്ഷേത്രക്കുളത്തിൽ നിന്ന് കിട്ടിയത്. ഇദ്ദേഹത്തെ കാണാതായതിന് പിന്നാലെ നാട്ടുകാര്‍ തെരച്ചിൽ നടത്തിയിരുന്നു. ക്ഷേത്രക്കുളത്തിൻ്റെ കൽപ്പടവിൽ നിന്ന് യുവാവിൻ്റെ ചെരുപ്പ് കണ്ടെടുത്തതോടെ കുളത്തിൽ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ തെരച്ചിൽ നടത്തി. ഇവിടെ നിന്ന് കണ്ടെത്തിയ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മുകേഷിൻ്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം പരിശോധനയടക്കം പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഇനി ക്ഷേത്രക്കുളം വറ്റിച്ച്, പരിഹാര ക്രിയകൾ നടത്തിയ ശേഷം മാത്രമേ ക്ഷേത്രം തുറക്കൂ എന്നും ഭരണസമിതി അറിയിച്ചു. ശുദ്ധിക്രിയയുടെ ഭാഗമായി ക്ഷേത്രത്തിലെ ആചാരപരമായ ചില ചടങ്ങുകളും നാലമ്പലത്തിനുള്ളിലെ ദർശനവും മാത്രമാണ് നിർത്തിവെച്ചത്. ഈ അവസരത്തിൽ ഒക്കെ തന്നെ കൊടിമരച്ചുവട്ടിൽ നിന്ന് ഭക്തർക്ക് ദർശനം ഉണ്ടായിരിക്കുന്നതാണ്. ശുദ്ധിക്രിയകൾക്ക് ശേഷം ഉച്ചപൂജയും ഉച്ചശീവേലിയും കഴിച്ച് നടയടയ്ക്കുകയും വൈകിട്ട് അഞ്ച് മണിക്ക് നട തുറന്ന് പതിവുപോലെ ക്ഷേത്ര ചടങ്ങുകളും ദർശനവും പുനരാരംഭിച്ചിട്ടുള്ളതുമാണ്.