ബെംഗളൂരു: മുൻ എംപിയും നടിയുമായ രമ്യയെ സമൂഹമാധ്യമത്തിലൂടെ അശ്ലീല സന്ദേശങ്ങൾ അയയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന കേസിൽ മുഖ്യ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. കെആർ പുരം സ്വദേശി പ്രമോദ് ഗൗഡ ആണ് അറസ്റ്റിലായത്. സുഹൃത്തിന്റെ ഫോണിൽനിന്നാണ് ഇയാൾ അശ്ലീല സന്ദേശങ്ങൾ അയച്ചതെന്ന് പൊലീസ് കണ്ടെത്തി. കേസിൽ ഇതുവരെ 6 പേരെ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത 2 പേരെ താക്കീത് നൽകി വിട്ടയച്ചു.
ഇരയ്ക്ക് നീതി ലഭിക്കണമെന്ന പോസ്റ്റ് നടൻ ദർശൻ പ്രതിയായ കൊലപാതകക്കേസിൽ രമ്യ സമൂഹ മാധ്യമത്തിൽ ഷെയർ ചെയ്തതിനെ തുടർന്നാണ് ദർശന്റെ ആരാധകർ നടിക്കെതിരെ കൊലപാതക ഭീഷണിയും ബലാത്സംഗ ഭീഷണിയുമായി എത്തിയത്. തുടർന്ന് 43 സമൂഹമാധ്യമ അക്കൗണ്ടുകളിൽനിന്ന് ഭീഷണി സന്ദേശം വന്നതായി രമ്യ ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ സീമന്ത് കുമാർ സിങ്ങിന് പരാതി നൽകുകയായിരുന്നു.