ന്യൂഡൽഹി :- എയർടെൽ വീണ്ടും പണിമുടക്കി.കോൾ ചെയ്യാനോ ഇന്റർനെറ്റ് ഉപയോഗിക്കാനോ കഴിയുന്നില്ലെന്ന് നിരവധി ഉപയോക്താക്കൾ പരാതിപ്പെട്ടു. മൊബൈൽ ഉപഭോക്താക്കൾക്കും ബ്രോഡ്ബാൻഡ് കണക്ഷൻ ഉപയോഗിക്കുന്നവർക്കും ഒരുപോലെ തടസം നേരിട്ടെന്നാണ് റിപ്പോർട്ട്. രാവിലെ പത്തരയോടെയാണ് തടസം നേരിട്ടു തുടങ്ങിയത്.
ഇന്ത്യയിലെ വിവിധ നഗരങ്ങളിലുള്ളവർക്ക് പ്രശ്നം നേരിട്ടതായാണ് റിപ്പോർട്ട്. പരാതികളിൽ 40 ശതമാനവും മൊബൈൽ ഇന്റർനെറ്റുമായി ബന്ധപ്പെട്ടതായിരുന്നു. ചിലർക്ക് എയർടെൽ സർവീസ് പൂർണമായും നഷ്ടപ്പെട്ടു. തകരാറിന്റെ കാരണം വിശദീകരിക്കുന്ന ഔദ്യോഗിക പ്രസ്താവന ഇതുവരെയും എയർടെൽ പുറത്തുവിട്ടിട്ടില്ല.
ഇന്ത്യൻ ടെലികോം വിപണിയിൽ പ്രധാന പങ്കുവഹിക്കുന്നവരാണ് എയർടെൽ. 2024 ഒക്ടോബറിലെ കണക്കനുസരിച്ച്, 385.41 ദശലക്ഷം ഉപയോക്താക്കളാണ് എയർടെലിനുള്ളത്. വിപണി വിഹിതത്തിന്റെ 33.5 ശതമാനവും കമ്പനിക്ക് സ്വന്തമാണ്. 2024-25 സാമ്പത്തിക വർഷത്തിൽ ആദ്യ പാദം അവസാനത്തോടെ എയർടെൽ 5G ഉപയോക്താക്കളുടെ എണ്ണം 90 ദശലക്ഷം കടന്നിരുന്നു. ഉപയോക്താക്കൾ കൂടുതലായതിനാൽ സാങ്കേതിക തടസങ്ങൾ അനുഭവപ്പെടുമ്പോൾ അതിന്റെ പ്രത്യാഘാതം നേരിടുന്നതും നിരവധി പേരാണ്.