തിരുവനന്തപുരം: വിതുര ബോണക്കാട് ഗൃഹനാഥനെ കരടികൾ ആക്രമിച്ചു. ബോണക്കാട് കാറ്റാടിമുക്ക് സ്വദേശി ലാലാ (58)യ്ക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെയാണ് സംഭവം. ലാലായെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ട് കരടികളാണ് ലാലായെ ആക്രമിച്ചതെന്നാണ് വിവരം. പുലർച്ചെ മുറ്റത്തിറങ്ങിയപ്പോൾ കരടികൾ ചേർന്ന് ആക്രമിക്കുകയായിരുന്നു. ലാലായെ അടിച്ച് നിലത്ത് വീഴ്ത്തിയ ശേഷം കാൽമുട്ടിലും കൈമുട്ടിലും കടിച്ചു. നിലവിളി കേട്ട് വീട്ടുകാരും അയൽക്കാരും ഓടിയെത്തി ബഹളംവെച്ചതോടെയാണ് കരടികൾ പിന്തിരിഞ്ഞത്.
വാഹന സൗകര്യം ഇല്ലാതിരുന്നതിനാൽ രാവിലെ എട്ടരയോടെയാണ് ലാലയെ വിതുര താലൂക്ക് ആശുപത്രിയിൽ എത്തിക്കാനായത്. പരുക്ക് സാരമായതിനാല്‍
പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ബോണക്കാട് എസ്റ്റേറ്റിൽ ചക്കയും മാങ്ങയും സുലഭമായതിനാലാണ് ഇത് കഴിക്കാനായി കരടികൾ എത്തുന്നതെന്ന് നാട്ടുകാർ പറയുന്നു.