തിരുവനന്തപുരം : ബീമാപ്പള്ളി ഗുണ്ടാ കൊലപാതകത്തിൽ ഒന്നാം പ്രതി പിടിയിൽ. ഒന്നാം പ്രതി ഇനാസിനെയാണ് കസ്റ്റഡിയിലെടുത്തത്. ഏതാനും ദിവസം മുമ്പ് തുടങ്ങിയ വാക്കു തർക്കമാണ് കൊലപാതകത്തിലേക്ക് എത്തിയത്. നിരവധി മോഷണക്കേസിലെ പ്രതിയായ ഷിബിലിയെ കുത്തി വീഴ്ത്തിയത് മുൻ സുഹൃത്തുക്കള്‍ തന്നെയാണ്.
സ്ഥലവാസികളും സഹോദരങ്ങളുമായ ഇനാസും ഇനാദുമായുള്ള വാക്കു തർക്കമാണ് അടിപിടിയിലും തുടര്‍ന്ന് കൊലപാതകത്തിലും കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഒരാഴ്ച മുൻപ് ഷിബിലി ഇനാസിനെ മര്‍ദ്ദിച്ചിരുന്നു.
ബീമാപളളിക്ക് സമീപത്ത് രാത്രിയിൽ റോഡിൽവെച്ച് കണ്ടുമുട്ടിയ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. പിന്നീട് നാട്ടുകാർ ഇടപെട്ട് ഇവരെ പിടിച്ചുമാറ്റുകയായിരുന്നു. തുടർന്ന് 11 മണിയോടെ ഷിബിലിയെ അന്വേഷിച്ച് ഇനാസും ഇയാളുടെ ജേഷ്ഠൻ ഇനാബും എത്തി. ബീമാപളളി റോഡിൽനിന്ന് കടപ്പുറത്തേക്ക് പോകുന്ന ഇടവഴിയിൽവെച്ച് ഷിബിലിയെ കണ്ടതോടെ അവിടെവെച്ച് അടിപിടിയായി.
ഇരുവരും ചേർന്ന് ഷിബിലിയെ മതിലിനോട് ചേർത്തുവെച്ച് ക്രൂരമായി മർദിച്ചു. ഇയാളുടെ വസ്ത്രങ്ങളും കീറിയെറിഞ്ഞുവെന്നാണ് പോലീസിന് നാട്ടുകാരിൽ നിന്ന് ലഭിച്ച വിവരം. സംഭവസ്ഥലത്തുനിന്ന് പോലീസ് ഇയാളുടെ ഷർട്ട്, ചെരിപ്പുകൾ എന്നിവ കണ്ടെടുത്തു.
അടിയേറ്റ് അവശനിലയിലായ ഷിബിലി അവിടെനിന്ന് ഓടി കടൽ തീരത്ത് എത്തി. പിന്നാലെ വന്ന ഇരുവരും ചേർന്ന് ഷിബിലെ തറയിൽ തളളിയിട്ട് നെഞ്ചിലും കഴുത്തിലും ചവിട്ടിയെന്നും കല്ലുകൊണ്ട് ചുണ്ടിലും താടിയിലും തലയിലും കഴുത്തിലും ഇടിച്ചെന്നുമാണ് പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. സംഭവത്തിനുശേഷം യുവാക്കൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. നാട്ടുകാരിൽ ആരോ ഷിബിലിയുടെ സഹോദരൻ ഹലീൽ റഹ്മാനെ രാത്രി 12 ഓടെ വിവരമറിയിച്ചു. കടപ്പുറത്ത് എത്തിയ ഹലീലും സുഹൃത്തുക്കളും ചേർന്ന് അബോധാവസ്ഥയിലായിരുന്ന ഷിബിലിയെ ജനറൽ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചുവെന്ന് ഡോക്ടർ അറിയിക്കുകയായിരുന്നു.
ഷിബിലിലെ കുത്തിവീഴ്ത്തിയ ശേഷം ഇനാസും ഇനാദും രക്ഷപ്പെട്ടു. ഒപ്പമുണ്ടായിരുന്ന മറ്റുള്ളവർ ആരൊക്കെയാണെന്ന് പൊലീസിന് ഇതേവരെ വിവരമില്ല.