ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ്റെ വീട്ടിൽ അതിക്രമിച്ച് കയറിയ അജ്ഞാതൻ ഒരു കോടി രൂപ ആവശ്യപ്പെട്ടതായി വീട്ടുജോലിക്കാരി പൊലീസിന് മൊഴി നൽകി.
വെളുപ്പിന് രണ്ടര മണിക്കാണ് ഫ്ലാറ്റിനുള്ളിൽ ഒരു നിഴൽ കണ്ടതെന്നും തുടർന്ന് നോക്കിയപ്പോൾ ഏകദേശം നാല്പത് വയസ്സ് പ്രായം തോന്നിക്കുന്ന അജ്ഞാതൻ നടന്നു പോകുന്നത് കണ്ടതെന്നും വീട്ടുജോലിക്കാരി പറയുന്നു. തുടർന്നാണ് അയാൾ ശബ്ദമെടുത്ത് മുന്നറിയിപ്പ് നൽകിയത്. ഉടനെ ഇയാൾ ശബ്ദമുണ്ടാക്കരുതെന്ന് ആംഗ്യ ഭാഷയിൽ കാണിച്ചു. ശബ്ദം കേട്ട് കുട്ടികളുടെ കെയർ ടേക്കർ കൂടിയെത്തിപ്പോഴാണ് അജ്ഞാതൻ ഒരു കോടി രൂപ ആവശ്യപ്പെടാൻ ഇവരെ പ്രേരിപ്പിച്ചത്. ഇതിനിടയിലാണ് 2-ാം നിലയിൽ താമസിക്കുന്ന സെയ്ഫ് അലി ഖാനും ഇറങ്ങി വന്നത്. തുടർന്ന് നടനും അക്രമിയും തമ്മിൽ വാക്കേറ്റമുണ്ടായി.
അജ്ഞാതനെ പ്രതിരോധിക്കുന്നതിനിടയിലാണ് പ്രകോപിതനായ ഇയാൾ നടനെ മൂർച്ചയുള്ള കത്തി കൊണ്ട് പലവട്ടം കുത്തി പരിക്കേൽപ്പിച്ചത്. വീട്ടുകാരും ജീവനക്കാരും ചേർന്ന് അക്രമിയെ മറ്റൊരു മുറിയിൽ പൂട്ടിയിട്ടു. സെയ്ഫിൻ്റെ പരിക്കിൻ്റെ തീവ്രത കണക്കിലെടുത്ത്, ജോലിക്കാർ മൂത്തമകൻ ഇബ്രാഹിമിനെ വിളിച്ചാണ് ഉടനെ ആശുപത്രിയിലെത്തിച്ചത്. ആ സമയത്ത് ഡ്രൈവർ ആരും ലഭ്യമല്ലാത്തതിനാലും കുടുംബത്തിലെ ആർക്കും അവരുടെ ഓട്ടോമാറ്റിക് ഇലക്ട്രിക് വാഹനം പ്രവർത്തിപ്പിക്കാൻ കഴിയാത്തതിനാലും, സെയ്ഫിനെ ലീലാവതി ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ അവർ പെട്ടെന്ന് ഒരു ഓട്ടോറിക്ഷ വാടകയ്‌ക്കെടുക്കുകയായിരുന്നു.