പന്തളം : 16 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കാട്ടിൽ ഒളിപ്പിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. കാട്ടിൽ ഭക്ഷണം എത്തിച്ചത് സുഹൃത്തുക്കളുടെ സഹായത്തോടെ. വെൺമണി സ്വദേശി 20 വയസ്സുള്ള ശരൺ ആണ് പോലീസ് കസ്റ്റഡിയിൽ ആയത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് പരീക്ഷ കഴിഞ്ഞു വരുന്ന പെൺകുട്ടിയെ ശരൺ വിളിച്ചുകൊണ്ടുപോയത്. ആദ്യം എറണാകുളത്ത് പോയി തിരിച്ചുവന്നു. പിന്നീടാണ് പെൺകുട്ടിയെ വെൺമണിയിലുള്ള കാടിനുള്ളിൽ ഒളിപ്പിച്ചത്. ചുറ്റുമുള്ള ചെടികൾ വെട്ടി മാറ്റി കരിയില നിരത്തി പുറത്ത് ബെഡ്ഷീറ്റ് വിരിച്ചു. പെൺകുട്ടിയെ അവിടെ പാർപ്പിച്ച ശേഷം പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനായി സിസിടിവി ഉള്ള വഴികളിൽ കൂടി സഞ്ചരിച്ചു. പൊലീസ് കണ്ടെത്താതിരിക്കാൻ ആയി മൊബൈൽ ഫോൺ ഉപേക്ഷിച്ചു സുഹൃത്തിന്റെ സഹായത്തോടെ കാട്ടിൽ ഭക്ഷണം എത്തിച്ചു.
കപ്പ അടക്കമുള്ള സാധനങ്ങൾ കാട്ടിലെത്തിച്ച് ചുട്ടു തിന്നുകയായിരുന്നു. പലവട്ടം പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തു. പ്രതിയുടെ സുഹൃത്തുക്കളെ തിരഞ്ഞും പോലീസ് എത്തിയിരുന്നു. ഒരു സുഹൃത്തിന്റെ വീട്ടിൽ എത്തിയപ്പോൾ പോലീസിനെ കണ്ട് രക്ഷപ്പെടുന്നതിനിടെ തീരമിടിഞ്ഞ് അച്ചൻകോവിലാറ്റിൽ വീണു. വെൺമണിയിലെ എണ്ണപ്പന തോട്ടത്തിനു സമീപത്തെ കാട്ടിൽ ആളുണ്ടെന്ന് വിവരം കിട്ടിയതോടെയാണ് പൊലീസ് നാട്ടുകാരെയും കൂട്ടി പരിശോധനയ്ക്ക് എത്തിയത്. അവിടെനിന്നാണ് പെൺകുട്ടിയെ കണ്ടെടുത്ത് കുടുംബത്തിന് കൈമാറിയത്. പ്രതി ശരണിനെ പോക്സോ അടക്കമുള്ള കുറ്റങ്ങൾ ചുമത്തി റിമാൻഡ് ചെയ്തു. പന്തളം സിഐ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിൽ ആയിരുന്നു അന്വേഷണം.