കോഴിക്കോട് : മാടപ്പള്ളിയിൽ സീബ്രാ ലൈനിൽ വെച്ച് വിദ്യാർത്ഥികളെ ബസ് ഇടിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. വടകര സ്വദേശി വണ്ണാറത്ത് മുഹമ്മദ് ഫുറൈസ് ഖീലാബിനെ (24) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. അപകടം നടന്നതിന് പിന്നാലെ ഡ്രൈവറും കണ്ടക്ടറും സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടിരുന്നു. ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പോലീസ് മോട്ടോർ വാഹന വകുപ്പിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
കണ്ണൂർ കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന അയ്യപ്പൻ ബസാണ് കഴിഞ്ഞ ദിവസം ( ജൂലൈ 8 ) മൂന്ന് വിദ്യാർത്ഥികളെ ഇടിച്ച് വീഴ്ത്തിയത്. അപകടം നടന്നതിനുശേഷം ഡ്രൈവർ റോഡിലൂടെ ഓടി രക്ഷപ്പെടുന്നതും പരുക്കേറ്റവരെ മറ്റ് വാഹനങ്ങളിൽ ആശുപത്രികളിലേക്ക് കൊണ്ടുപോകുന്നതിൻ്റെയും ദൃശ്യങ്ങൾ ഇന്നലെ സിസിടിവിയിലൂടെ പുറത്തുവന്നിരുന്നു. വിദ്യാർഥികളെ റോഡിലൂടെ പോകുകയായിരുന്നു മറ്റ് വാഹനങ്ങളിൽ നാട്ടുകാർ തന്നെയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ബസ്സിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. മടപ്പള്ളി കോളജ് സെക്കൻ്റ് ഇയർ ഡിഗ്രി വിദ്യാർഥികളായ ശ്രേയ എൻ സുനിൽ കുമാർ (19), ദേവിക ജി നായർ (19), ഹൃദ്യ കല്ലേരി (19) എന്നിവർക്കാണ് പരിക്കേറ്റത്.