കോട്ടയം : തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തോട് അനുബന്ധിച്ചുള്ള കാർണിവൽ നഗരിയിൽ യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും ഇല്ലാതെ വിനോദ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നു.
ജയന്റ് വീലും, ഡ്രാഗൺ ട്രെയിനും, ഊഞ്ഞാലും ഉൾപ്പെടെയുള്ള ഒരു വിനോദ ഉപകരണത്തിൽ ഒന്നിൽ പോലും സേഫ്റ്റി ബെൽറ്റോ മറ്റു സുരക്ഷാ ക്രമീകരണങ്ങളോ ഇല്ല. ഇക്കഴിഞ്ഞ ദിവസം തന്നെ ജയന്റ് വീലിന്റെ ഡോർ ഇളകി മുകളിൽ നിന്ന് താഴെ വീണിരുന്നു. തലനാരിഴയ്ക്കാണ് ഒരു യുവാവ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.
വളരെ വേഗത്തിൽ പ്രവർത്തിക്കുന്ന ഈ ഉപകരണങ്ങളിൽ കൊച്ചുകുട്ടികൾ ഉൾപ്പെടെ കയറുന്നുണ്ട്. അധികാരികൾ കൃത്യമായി ഇടപെട്ടില്ല എങ്കിൽ കോട്ടയം നഗരം വലിയൊരു അപകടത്തിന് സാക്ഷിയാകേണ്ടി വരും.
കൃത്യമായ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തി മാത്രം ഇത്തരത്തിലുള്ള വിനോദ ഉപകരണങ്ങൾ പ്രവർത്തിക്കുവാനുള്ള അനുമതി നൽകേണ്ടതാണ്.