എറണാകുളം : ഇടപ്പള്ളി – അരൂർ ദേശീയപാതയിൽ സ്വകാര്യബസ് മറിഞ്ഞുണ്ടായ അപകടത്തിന് കാരണം ബസ് ഡ്രൈവറുടെ അശ്രദ്ധയെന്ന് ദൃക്സാക്ഷികൾ. ബസ് സിഗ്നൽ മറികടക്കാനുള്ള ശ്രമത്തിനിടെ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ചുവപ്പ് സിഗ്നൽ തെളിഞ്ഞതോടെ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയപ്പോൾ നിയന്ത്രണം നഷ്ടമായ ബസ് ബൈക്കിനു മുകളിലേക്ക് മറിയുകയായിരുന്നു. സംഭവസമയം മഴയുണ്ടായിരുന്നുവെന്നും പെട്ടെന്ന് ബ്രേക്ക് ചവിട്ടിയപ്പോൾ നനഞ്ഞ റോഡിൽനിന്ന് തെന്നിമാറുകയായിരുന്നു എന്നും നാട്ടുകാർ വ്യക്തമാക്കി.
ബസ് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട് സ്വദേശി പാല്‍ പാണ്ടിയെയാണ് കസ്റ്റഡിയിലെടുത്തത്. അപകടത്തില്‍ പരുക്കേറ്റതിനെ തുടര്‍ന്ന് പാല്‍ പാണ്ടിയും ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പ്രാഥമിക ചികിത്സ ലഭ്യമാക്കിയതിനു ശേഷമാണ് പാല്‍ പാണ്ടിയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
അപകടത്തിന് കാരണം ബസ് ഡ്രൈവറുടെ അശ്രദ്ധയാണെന്ന് ദൃക്‌സാക്ഷികള്‍ ഉള്‍പ്പെടെ പോലീസില്‍ മൊഴി നല്‍കിയിരുന്നു. സിസിടിവി ദൃശ്യങ്ങളുടെയും നാട്ടുകാരുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
അപകടത്തില്‍ ബസിനടിയില്‍ കുടുങ്ങിയ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചിരുന്നു. ഇടുക്കി വാഗമണ്‍ സ്വദേശി ജിജോ സെബാസ്റ്റിയനാണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിക്കാണ് അപകടം സംഭവിച്ചത്. ബെംഗളൂരുവില്‍ നിന്ന് വര്‍ക്കലയിലേക്ക് പോയ ബസ് നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്ന് ട്രാഫിക് സിഗ്നലില്‍ ഇടിച്ച് ബൈക്കിന് മുകളിലേക്ക് മറിയുകയായിരുന്നു.അപകടത്തില്‍ പരുക്കേറ്റ മറ്റ് 12പേര്‍ ചികിത്സയിലാണ്.