ഡോർട്മുണ്ട് ∙ യൂറോയിലെ ‘അസിസ്റ്റ് ലീഡറായി’ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ റെക്കോർഡിട്ട മത്സരത്തിൽ തുർക്കിക്കെതിരെ പോർച്ചുഗലിന് വൻജയം (3–0). മാഞ്ചസ്റ്റർ സിറ്റി താരം ബെർണാഡോ സിൽവ (21–ാം മിനിറ്റ്), മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബ്രൂണോ ഫെർനാൻഡസ് (55) എന്നിവരാണു പോർച്ചുഗലിനായി ഗോൾ നേടിയത്. തുർക്കിയുടെ സമേത് അക്യാദിന്റെ സെൽഫ് ഗോൾകൂടി (28) ചേർന്നതോടെ പോർച്ചുഗലിന്റെ ഗോൾനേട്ടം മൂന്നായി. ഇതോടെ എഫ് ഗ്രൂപ്പിൽ 6 പോയിന്റുമായി പോർച്ചുഗൽ നോക്കൗട്ട് ഉറപ്പിച്ചു. ആദ്യ മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിനെ 2–1ന് പോർച്ചുഗൽ തോൽപിച്ചിരുന്നു.
മത്സരത്തിന്റെ രണ്ടാം പകുതിയിൽ സഹതാരം ബ്രൂണോ ഫെർനാണ്ടസിന്റെ ഗോളിന് അസിസ്റ്റ് നൽകിയതോടെ യൂറോ കപ്പിൽ ക്രിസ്റ്റ്യാനോയുടെ അസിസ്റ്റുകളുടെ എണ്ണം ഏഴായി. പ്രതിരോധനിരയെ കടന്നെത്തിയ ബോൾ നിയന്ത്രിച്ച ക്രിസ്റ്റ്യാനോ ഗോളി മാത്രം നിൽക്കെ സ്കോർ ചെയ്യാൻ അവസരമുണ്ടായിട്ടും പന്ത് ബ്രൂണോയ്ക്കു മറിച്ചു നൽകി. അനായാസ ഫിനിഷിങ്ങിലൂടെ ബ്രൂണോ പോർച്ചുഗലിന്റെ മൂന്നാം ഗോൾ നേടി. ചെക്ക് റിപ്പബ്ലിക്കിന്റെ കരേൽ പൊബോസ്കിയുടെ (6) റെക്കോർഡ് മറികടക്കുകയും ചെയ്തു. യൂറോ കപ്പിലെ ടോപ് സ്കോറർ (14 ഗോൾ), കൂടുതൽ മത്സരങ്ങൾ (27) എന്നീ റെക്കോർഡുകൾ നേരത്തേ പോർച്ചുഗൽ സൂപ്പർതാരം സ്വന്തം പേരിലാക്കിയിരുന്നു.
മത്സരത്തിന്റെ 21–ാം മിനിറ്റിലാണ് പോർച്ചുഗൽ ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. പിഎസ്ജി താരമായ നുനോ മെൻഡസ് തുർക്കി ബോക്സിലേക്കു നൽകിയ പന്ത് പ്രതിരോധ താരങ്ങൾക്കരികിലൂടെ ബെർണാഡോ സിൽവയ്ക്കു ലഭിച്ചു. സ്വീപ് ഷോട്ടിലൂടെ സിൽവ പന്ത് വലയിലെത്തിച്ചു. തുർക്കി ഡിഫൻഡർ സമേത് അക്യാദി ഗോൾകീപ്പർ അൽടെ ബെയിദിറിനു നൽകിയ ബാക്ക് പാസ് അബദ്ധത്തിൽ ഗോൾ വര കടന്നതാണു സെൽഫ് ഗോളായത്. പോർച്ചുഗലിന് സൗജന്യമായി രണ്ടാം ഗോൾ.