റാഞ്ചി: വരന്റെയും വധുവിന്റെയും ബന്ധുക്കളും സുഹൃത്തുക്കളും ആകാംക്ഷയോടെ കാത്തിരുന്ന വിവാഹചടങ്ങിന് അപ്രതീക്ഷിമായ ട്വിസ്റ്റ്. വിവാഹ ചടങ്ങുകൾ നടക്കുന്നതിനിടെ തണുപ്പ് സഹിക്കാനാകാതെ വരൻ കല്ല്യാണ മണ്ഡപത്തിൽ ബോധംകെട്ടു വീണു. ഇതു കണ്ടയുടൻ വധു വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു.
ഡിസംബർ 15ന് ബിഹാറിലാണ് സംഭവം നടന്നത്. ഝാർഖണ്ഡിലെ ദിയോഖർ സ്വദേശിയായ അർണവിന്റെയും ബിഹാർ സ്വദേശിയായ അങ്കിതയുടെയും വിവാഹമാണ് ഉറപ്പിച്ചിരുന്നത്. വിവാഹദിവസം തന്നെയാണ് അസാധാരണമായ സംഭവങ്ങൾ നടന്നതും.
സാധാരണ വരന്റെ നാട്ടിലാണ് വിവാഹം നടക്കേണ്ടിയിരുന്നത്. വധുവിന്റെ കുടുംബം ആഘോഷപൂർവം വരന്റെ നാട്ടിലെത്തും. എന്നാൽ ചില കാരണങ്ങളാൽ വധുവിന്റെ നാട്ടിലാണ് ഇരുവരുടെയും വിവാഹം നടത്താൻ തീരുമാനിച്ചത്. വിവാഹത്തിന്റെ ചടങ്ങുകൾ പുരോഗമിക്കവെ, അർണവ് പെട്ടെന്ന് ബോധം കെട്ടു വീഴുകയായിരുന്നു. പെട്ടെന്ന് തന്നെ വീട്ടുകാർ അർണവിനെ മറ്റൊരു മുറിയിലേക്ക് മാറ്റി.
ഡോക്ടറെത്തിയതിനു ശേഷമാണ് അർണവിന് ബോധം തെളിഞ്ഞത്. തണുപ്പ് കാരണമാണ് അർണവിന് ബോധം നഷ്ടപ്പെട്ടതെന്ന് വീട്ടുകാർ പറഞ്ഞു.അതോടെ അർണവിന്റെ ആരോഗ്യത്തെ കുറിച്ച് വധുവിന് ആശങ്കയായി. കാര്യമായ എന്തോ അസുഖമുള്ളതിനാലാണ് തണുപ്പു സഹിക്കാനാകാതെ അർണവ് ബോധം കെട്ടതെന്ന് അങ്കിത ഉറപ്പിച്ചു. ഇക്കാര്യം തന്റെ വീട്ടുകാരോട് പെൺകുട്ടി പങ്കുവെച്ചു. അതിനു പിന്നാലെ വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു. തർക്കം പരിഹരിക്കാൻ പൊലീസിനെ വിളിച്ചിട്ടും വിവാഹം നടന്നില്ല.