വയനാട് : ദുരന്തമുഖത്ത് ഒരുങ്ങിയ ബെയ്ലി പാലം പൂർത്തിയായപ്പോള്‍ ആ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സൈനിക ഉദ്യോഗസ്ഥയായ മേജർ സീത ഷെല്‍ക്കയാണ് കൈയ്യടി നേടിയത്. ദുരന്തമുഖങ്ങളില്‍ സ്ത്രീകള്‍ക്കൊന്നും ചെയ്യാനില്ലെന്ന പതിവ് പല്ലവി തിരുത്തിക്കുറിക്കുകയാണ് മേജർ സീത ഷെല്‍ക്കെ. അത്യന്തം വെല്ലുവിളി നിറഞ്ഞ ദൗത്യമാണ് പൂർത്തിയായതെന്ന് മേജർ സീതാ ഷെല്‍ക്കെ പറഞ്ഞു.
പാലം നിർമാണത്തിന് ആവശ്യമായ സാധനസാമഗ്രികള്‍ പ്രദേശത്ത് എത്തിക്കുക വലിയ വെല്ലുവിളിയായിരുന്നു. ഗതാഗത കുരുക്ക് അടക്കം പ്രശ്നമായി. ഗ്രാമീണരെ രക്ഷിക്കാനും മൃതദേഹങ്ങള്‍ കൊണ്ടുവരാനും മറ്റ് വഴികളില്ലായിരുന്നു. പാലം നിർമാണം മാത്രമായിരുന്നു ഏകപോംവഴി. ദൗത്യം ഇത്രയും വേഗത്തില്‍ പൂർത്തികരിക്കാൻ സാധിച്ചത് ഭരണകൂടത്തിന്റെയും പ്രദേശവാസികളുടെയും സഹകരണം കൊണ്ട് മാത്രമാണ്.
പ്രതിസന്ധിയുടെ സമയത്ത് ഗ്രാമീണരുടെ കൂടെ നില്‍ക്കാൻ സാധിച്ചതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. രാവും പകലും കഠിനാദ്ധ്വാനം ചെയ്ത വലിയ സംഘത്തിലെ ഒരാള്‍ മാത്രമാണ് ഞാൻ. സൈന്യത്തില്‍ ആണ്‍ പെണ്‍ വ്യത്യാസമില്ല, ഞാൻ ഒരു പട്ടാളക്കാരിയാണ്, എന്റെ കടമയാണ് ഞാൻ ചെയ്‌തത്, സീത ഷെല്‍ക്കെ കൂട്ടിച്ചേർത്തു.