U19 വനിതാ ഏഷ്യ കപ്പ് ; ബംഗ്ലാദേശിനെ വീഴ്ത്തി കിരീടം നേടി ഇന്ത്യ ചാമ്പ്യൻസ്
അണ്ടർ 19 വനിതാ ഏഷ്യാ കപ്പിൽ കിരീടം നേടി ഇന്ത്യ. ഫൈനലിൽ ബംഗ്ലാദേശിനെ 41 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം നേടിയത്. ടൂർണമെൻ്റിൽ പരാജയമറിയാതെയാണ് ഇന്ത്യ വിജയിച്ചത്.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി 117 റൺസ് നേടിയപ്പോൾ ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 18.3 ഓവറിൽ 76 റൺസിന് ഓൾ ഔട്ടായി.
ബൗളിംഗ് പിച്ചിൽ മികച്ച പ്രകടനമാണ് ബംഗ്ലാദേശ് ബൗളർമാർ നടത്തിയത്. ജി കമാലിനി (5), സാനിക ചൽകെ (0) എന്നിവർ വേഗം മടങ്ങി. നാലാം നമ്പരിൽ ക്രീസിലെത്തിയ ക്യാപ്റ്റൻ നികി പ്രസാദ് ജി ട്രിഷയ്ക്കൊപ്പം കൂട്ടുകെട്ടുയർത്താൻ ശ്രമിച്ചു. ജി ട്രിഷ തൻ്റെ തകർപ്പൻ ഫോം തുടർന്നു. മറുവശത്ത് പങ്കാളിയെ കിട്ടിയതോടെ തുടർ ബൗണ്ടറികൾ കണ്ടെത്തിയ ട്രിഷ ഇന്ത്യൻ സ്കോർ ഒറ്റയ്ക്ക് ഉയർത്തി. 41 റൺസിൻ്റെ കൂട്ടുകെട്ടിന് ശേഷം നികി (12) മടങ്ങി. ഇതിനിടെ ട്രിഷ ടൂർണമെൻ്റിൽ തൻ്റെ രണ്ടാമത്തെ ഫിഫ്റ്റി കണ്ടെത്തിയിരുന്നു.
ഫിഫ്റ്റിയ്ക്ക് പിന്നാലെ 47 പന്തിൽ 52 റൺസ് നേടിയ ട്രിഷ മടങ്ങി. ഈശ്വരി അവാസരെയും (5) പെട്ടെന്ന് പുറത്തായതോടെ ഇന്ത്യ വീണ്ടും പരുങ്ങലിലായി. അവസാന ഓവറുകളിൽ തകർത്തടിച്ച മിഥില വിനോദാണ് (12 പന്തിൽ 17) ഇന്ത്യൻ സ്കോർ 110 കടത്തിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിനും ആദ്യ വിക്കറ്റ് വേഗം നഷ്ടമായി. ഇവയെ പൂജ്യത്തിന് പുറത്താക്കി മലയാളി താരം ജോഷിത വിജെയാണ് വിക്കറ്റ് വേട്ട ആരംഭിച്ചത്. തുടർന്ന് കൃത്യമായ ഇടവേളകളിൽ ബംഗ്ലാദേശിന് വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്നു. 22 റൺസ് നേടിയ ജുവൈരിയ ഫിർദൗസാണ് ബംഗ്ലാദേശിൻ്റെ ടോപ്പ് സ്കോറർ. ജുവൈരിയക്കൊപ്പം ഫഹ്മിദ ചോയ (18) മാത്രമേ ബംഗ്ലാ നിരയിൽ ഇരട്ടയക്കം കടന്നുള്ളൂ. ഇന്ത്യക്കായി ആയുഷി ശുക്ല മൂന്ന് വിക്കറ്റ് വീഴ്ത്തി.
ടൂർണമെൻ്റിൽ പരാജയമറിയാതെയാണ് ഇന്ത്യ കിരീടം നേടിയത്. ഗ്രൂപ്പ് ഘട്ടത്തിൽ നേപ്പാളിനെതിരായ മത്സരം മഴയിൽ മുടങ്ങിയത് മാത്രമാണ് ജയമില്ലാതായത്. ബാക്കി മത്സരങ്ങളിലെല്ലാം ഇന്ത്യ വിജയിച്ചു. ജി ട്രിഷ ബാറ്റിംഗിലും ആയുഷി ശുക്ല ബൗളിംഗിലും ഇന്ത്യക്കായി ടൂർണമെൻ്റിലുടനീളം തിളങ്ങി. ഷബ്നം ഷക്കീലിനൊപ്പം ന്യൂബോൾ പങ്കിട്ട മലയാളി താരം ജോഷിത വിജെയും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ജോഷിത, കമാലിനി, ക്യാപ്റ്റൻ നികി പ്രസാദ് തുടങ്ങിയവരെ വിവിധ വനിതാ പ്രീമിയർ ലീഗ് ടീമുകൾ സ്വന്തമാക്കിയിട്ടുണ്ട്.