ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പതിനെട്ടുകാരിയുടെ ആത്മഹത്യ: മരണകാരണം സൈബർ ആക്രമണം എന്ന വാദം ശരിയല്ല എന്ന് പെൺകുട്ടിയുടെ പിതാവ്; ആൺസുഹൃത്ത് അറസ്റ്റിൽ യുവാവിനെതിരെ പോക്സോ കേസ്; ആത്മഹത്യാ പ്രേരണാകുറ്റവും ചുമത്തുമെന്ന് പോലീസ്.
തിരുവനന്തപുരം ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ 18കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺ സുഹൃത്ത് അറസ്റ്റിൽ. സംഭവത്തിൽ പൂജപ്പുര പോലീസ് പെൺകുട്ടിയുടെ സുഹൃത്തായ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദേശിയായ ബിനോയ് എന്ന യുവാവിനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ഇയാളുടെ മേൽ ആത്മഹത്യ പ്രേരണാക്കുറ്റവും ചുമത്തുമെന്ന് പൂജപ്പുര പോലീസ് പറഞ്ഞു.
പെൺകുട്ടിയുടെ മരണകാരണം എന്താണെന്ന് പുറത്തു കൊണ്ടുവരണമെന്നും നെടുമങ്ങാട് സ്വദേശിയായ ഇൻഫ്ലുവൻസറുടെ പങ്ക് അന്വേഷിക്കണമെന്നും കാണിച്ച് പെൺകുട്ടിയുടെ അമ്മ പോലീസിൽ പരാതി നൽകിയിരുന്നു. ഇയാൾ മുമ്പ് സ്ഥിരമായി വീട്ടിൽ വരാറുണ്ടായിരുന്നു, രണ്ടുമാസമായി ഇയാൾ വീട്ടിൽ വരുന്നില്ല എന്നും ഇയാൾ ആണോ ഉത്തരവാദി എന്ന് ഞങ്ങൾക്കു സംശയമുണ്ട് എന്നും പെൺകുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
പെൺകുട്ടിയുമായുള്ള ബന്ധം നേരത്തെ അവസാനിപ്പിച്ചതാണെന്നും, സാമൂഹിക മാധ്യമങ്ങളിലെ അധിക്ഷേപങ്ങളിൽ തനിക്ക് പങ്കില്ലെന്നും ആൺ സുഹൃത്ത് പോലീസിൽ മൊഴി നൽകി.
പെൺകുട്ടിയുടെ മൊബൈൽ ഫോൺ സൈബർ വിഭാഗം പരിശോധിച്ചു വരികയാണ്.