കോഴിക്കോട് രാജ്യത്തെ ആദ്യത്തെ സാഹിത്യ നഗരം. യുനെസ്കോയുടെ ഔദ്യോഗിക പ്രഖ്യാപനത്തിൽ അഭിമാനത്തോടെ കോഴിക്കോട്
കോഴിക്കോട് : സാഹിത്യ നഗരം എന്ന പദവി സ്വന്തമാക്കി കോഴിക്കോട്, യുനെസ്കോ സാഹിത്യ നഗരമായി തിരഞ്ഞെടുത്തതിലൂടെയാണ് കോഴിക്കോടിന് ഈ പദവി സ്വന്തമായത്. ഞായറാഴ്ച വൈകിട്ട് തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക ജൂബിലി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ മന്ത്രി എം ബി രാജേഷ് ഔദ്യോഗിക പ്രഖ്യാപനം നടത്തി. ഇതോടെ സാഹിത്യ നഗര പദവി ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ നഗരമായി കോഴിക്കോട് മാറി.
നൂറ്റാണ്ടുകളുടെ ചരിത്രത്തിനുകൂടി അവകാശപ്പെട്ടതാണ് ഈ നേട്ടം അത് കാത്തു സൂക്ഷിക്കണമെന്നും, ഈ നേട്ടത്തെ ക്രിയാത്മകമായി വിനിയോഗിക്കണം എന്നും, സാമ്പത്തിക വികസനത്തിനും, ടൂറിസം സാധ്യതകൾക്കും ഇത് ഉപയോഗിക്കാൻ കഴിയണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ലോഗോ പ്രകാശനവും വെബ്സൈറ്റ് പുറത്തിറക്കലും മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. ആനക്കുളം സംസ്കാരിക നിലയത്തെ സാഹിത്യ നഗരമായി കൈതപ്രം ദാമോദരൻ നമ്പൂതിരി പ്രഖ്യാപിച്ചു.
എല്ലാ വർഷവും ജൂൺ 23ന് സാഹിത്യ നഗര ദിനമായി ആഘോഷിക്കാനും ആറ് വിഭാഗങ്ങളിലായി സാഹിത്യ നഗര പുരസ്കാരം നൽകാൻ തീരുമാനിച്ചതായും മേയർ ബീന ഫിലിപ്പ് പറഞ്ഞു.
2023 ഒക്ടോബർ 31നാണ് കോഴിക്കോടിനെ സാഹിത്യ നഗരമായി യുനെസ്കോ അംഗീകരിച്ചത്. നാല് വർഷത്തെ പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്യുന്നത്.
മാനാഞ്ചിറ, തളി, കുറ്റിച്ചിറ തുടങ്ങിയ സ്ഥലങ്ങളും പാർക്കുകളുമെല്ലാം സാഹിത്യ-സാംസ്കാരിക പരിപാടികൾക്കുള്ള ഇടമാകും. സാഹിത്യ നഗരം എന്ന ബഹുമതി വലിയ ഉത്തരവാദിത്തമാണെന്നും അത് കാത്തുസൂക്ഷിക്കേണ്ടത് കോഴിക്കോടുള്ള ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നും മന്ത്രി പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.