ദില്ലി: ലഡാക്കിൽ സൈനിക പരിശീലനത്തിനിടെയുണ്ടായ അപകടത്തിൽ അഞ്ചു സൈനികർക്ക് വീരമൃത്യു. സൈനികർ ടാങ്ക് ഉപയോഗിച്ച് നദി കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നിയന്ത്രണ രേഖയ്ക്ക് സമീപം ദൗലത്ത് ബേഗ് ഓൾഡിയിൽ നദി മുറിച്ചുകടക്കുന്നതിനിടെ ടാങ്ക് ഒഴുക്കിൽപ്പെടുകയായിരുന്നു.
ലഡാക്കിലെ ലേയിൽ നിന്ന് 148 കിലോ മീറ്റർ അകലെ പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. കരസേനയുടെ ടി 72 ടാങ്കിലായിരുന്നു സൈനികർ നദി മുറിച്ചു കടന്നത്. ഇതിനിടെ അപ്രതീക്ഷിതമായി ജലനിരപ്പ് ഉയരുകയായിരുന്നു.
ഒരു ജൂനിയർ കമ്മിഷൻഡ് ഓഫീസറും നല് ജവാന്മാരുമായിരുന്നു ടാങ്കിലുണ്ടായിരുന്നത്.
5 സൈനികരുടെയും മൃതദേഹം കണ്ടെത്തി. ആദ്യം ഒരാളുടെ മൃതദേഹം കണ്ടെത്തി. തുടർന്ന് നടത്തിയ തെരച്ചിലിൽ ബാക്കി നാലുപേരുടെയും മൃതദേഹം കണ്ടെടുത്തു.