മാന്നാർ(ആലപ്പുഴ): അമ്പലപ്പുഴ പോലീസ് ഇൻസ്പെക്ടർക്കു ലഭിച്ച ഊമക്കത്തിന്റെ ചുവടുപിടിച്ചു നടത്തിയ അന്വേഷണമാണ് കല എന്ന യുവതിയിലേക്ക് അന്വേഷണം എത്തിച്ചത്. അതിനു മുൻപാണ് പ്രതിയെന്നു സംശയിക്കുന്നയാൾ മദ്യപിച്ചുപറഞ്ഞ ഒരു വാക്യമുണ്ടായത്.
രണ്ടുമാസം മുൻപ് കത്തു ലഭിച്ചതിനെത്തുടർന്ന് പോലീസിന്റെ നീക്കം അതീവരഹസ്യമായിരുന്നു. പോലീസ് മഫ്തിയിലും മറ്റും സ്ഥലത്തെത്തി സംഭവത്തിൽ ഉൾപ്പെട്ടു എന്നു സംശയിക്കുന്നവരുടെ നീക്കങ്ങൾ വീക്ഷിച്ചു. ഇതിനിടയിൽ ഒന്നുരണ്ടു തവണ പോലീസ് സംഘം സ്ഥലത്തെത്തി. അന്ന് മാധ്യമപ്രവർത്തകർ തിരക്കിയപ്പോൾ ചമ്പക്കുളത്ത് അടിനടന്നതുമായി ബന്ധപ്പെട്ട അന്വേഷണമാണെന്നു ധരിപ്പിച്ചു. എന്നാൽ, മാന്നാറിലെ കേസിൽ ഉൾപ്പെട്ടിട്ടുള്ളവരെ കസ്റ്റഡിയിലെടുത്തശേഷം പരിശോധനയ്ക്കായി സ്ഥലത്തെത്തിയപ്പോഴാണ് എല്ലാവരും സംഭവം അറിയുന്നത് .
പോലീസ് കസ്റ്റഡിയിലുള്ള ഒരാൾ പിണങ്ങിക്കഴിയുന്ന തന്റെ ഭാര്യയുടെ വീട്ടിൽ മദ്യപിച്ചെത്തി പടക്കം, പെട്രോൾ നിറച്ച കുപ്പി എന്നിവ എറിയുകയും ചീത്തവിളിക്കുകയും ചെയ്തതാണ് വഴിത്തിരിവായതെന്നു കരുതുന്നു. ‘നിന്നെയും കലയെ ചെയ്തപോലെ കൊന്നു കുഴിച്ചുമൂടു’മെന്ന് ഭീഷണിപ്പെടുത്തിയെന്നാണു പറയുന്നത്. മാത്രമല്ല, സംഭവത്തിൽ ഉൾപ്പെട്ടവർ മദ്യപിച്ചിരിക്കുമ്പോൾ ‘ഒരാളെ’ വകവരുത്തിയ സംഭവം പരസ്പരം പറയുമായിരുന്നെന്നും നാട്ടിൽ സംസാരമുണ്ട്.
വലിയ വിവാദമായ ഒട്ടേറെ കേസുകളിൽ പോലീസിന്റെ സഹായിയാണ് സോമൻ. കുഴിച്ചിട്ട മൃതദേഹങ്ങൾ എടുക്കുന്നതിനുംമറ്റും എപ്പോഴും പോലീസിനെ സഹായിച്ചിട്ടുണ്ട്. ഇലന്തൂർ നരബലിയുൾപ്പെടെയുള്ള കേസുകളിൽ ശരീരാവശിഷ്ടങ്ങളെടുക്കാൻ സഹായിച്ചത് സോമനാണ്.
സെപ്റ്റിക് ടാങ്കിന്റെ സ്ലാബുകൾ നീക്കുന്നതിനിടയിൽ കാൽ മുറിഞ്ഞെങ്കിലും ഡെറ്റോൾ ഒഴിച്ചശേഷം പ്ലാസ്റ്റിക് കവർകൊണ്ട് കാൽമൂടി ജോലി തുടർന്നു. തിരുവല്ല സ്വദേശിയാണ്.
ശാസ്ത്രീയപരിശോധന നടത്തുകയും അനിൽകുമാറിനെ ഇസ്രയേലിൽനിന്നു നാട്ടിലെത്തിക്കുകയും ചെയ്തെങ്കിൽ മാത്രമേ കേസിൽ കൂടുതൽ വ്യക്തത വരുകയുള്ളൂ.