എറണാകുളം :- ഉണ്ണി മുകുന്ദൻ നായകനാകുന്ന മാർക്കോയുടെ ആദ്യ ടിക്കറ്റ് ബുക്കിംഗ് നിർവഹിച്ച് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ. ഏറെ നാളായി പരിചയമുള്ള എൻ്റെ പ്രിയ സുഹൃത്ത് ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ആദ്യ സിനിമയാണ് മാർക്കോ എന്നും ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന ഈ ചിത്രത്തിന് വലിയ വിജയം ആശംസിക്കുന്നു എന്നും ടിക്കറ്റ് ബുക്കിംഗ് നിർവഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഡിസംബർ 20ന് ലോകമെങ്ങും റിലീസിനെത്തുന്ന ചിത്രത്തിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ഇതോടെ തുടക്കമായിരിക്കുകയാണ്. ലോകമെങ്ങുമുള്ള തിയേറ്ററുകളിൽ 5 ഭാഷയിൽ ചിത്രം എത്തുന്നുണ്ട്. ചിത്രം തീയറ്ററുകളിൽ എത്താൻ ഇനി അഞ്ചു ദിനങ്ങൾ മാത്രമാണുള്ളത്. കയ്യിൽ മെഷീൻ ഗണ്ണുമായി ഉണ്ണി മുകുന്ദൻ നിൽക്കുന്ന ഹെവി മാസ്സ് പോസ്റ്റർ സോഷ്യൽ മീഡിയയിൽ കഴിഞ്ഞദിവസം പുറത്തിറങ്ങിയത് വൈറലായിരുന്നു.
ചിത്രം എല്ലാ അർത്ഥത്തിലും വയലൻസിന്റെ അങ്ങേയറ്റമാണെന്ന് അടിവരയിട്ടുകൊണ്ട് പുറത്തിറങ്ങിയ മാർക്കോ ടീസറിന് പിന്നാലെ എല്ലാവരും ആകാംക്ഷയോടെയാണ് സിനിമയുടെ റിലീസിനായി കാത്തിരിക്കുന്നത്. പരുക്കൻ ഗെറ്റപ്പിൽ എല്ലാം തികഞ്ഞൊരു ഗ്യാങ്സ്റ്റർ ലുക്കിലാണ് ഉണ്ണിമുകുന്ദൻ ചിത്രത്തിൽ എത്തുന്നത്. ജഗദീഷിന്റെയും അസാധ്യമായ അഭിനയ മുഹൂർത്തങ്ങൾ സിനിമയിൽ ഉണ്ടാകുമെന്നും സൂചനയുണ്ട്. മികവുറ്റ വിഷ്വൽസും മാസ്സ് രംഗങ്ങളും സമം ചേർന്ന സിനിമ തന്നെയാകും മാർക്കോ എന്നതാണ് എല്ലാവരുടെയും പ്രതീക്ഷ. സിനിമയുടേതായി പുറത്തിറങ്ങിയിരിക്കുന്ന പോസ്റ്ററുകളും മേക്കിങ് വീഡിയോകളും ഒക്കെ സിനിമയ്ക്കായുള്ള ആകാംക്ഷ വർധിപ്പിച്ചിട്ടുണ്ട്.