ആമസോൺ : മറ്റു മനുഷ്യരുമായി യാതൊരു സമ്പർക്കവും ഇല്ലാതെ കഴിയുന്ന ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ഗോത്രമാണ് മാഷ്കോ പിറോ. പെറുവിയൻ ആമസോണിലെ ഒരു തദ്ദേശിയ ഗോത്രമായ ഇവർക്ക് മാത്രമായി തന്നെ 2002-ൽ ഒരു ടെറിട്ടോറിയൽ റിസർവ് ചെയ്യപ്പെട്ടിരുന്നു. എന്നാൽ മരം വെട്ടുന്നവരുടെ കയ്യേറ്റഭീഷണിയെ തുടർന്ന് മാഷ്കോ പിറോ ഗോത്രക്കാർ അവർ കഴിഞ്ഞിരുന്ന മഴക്കാടുകൾ ഉപേക്ഷിച്ച് പുറത്തേക്ക് പോകുന്നതായി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
മനുഷ്യാവകാശ സംഘടനയായ സർവൈവൽ ഇന്റർനാഷണൽ പുറത്തുവിട്ട ഫോട്ടോകളും വീഡിയോകളും മാഷ്കോ പിറോ ഗോത്രക്കാർ വനത്തിൽ നിന്നും പുറത്തേക്ക് കടക്കുന്നത് കാണിക്കുന്നു. തങ്ങളുടെ ഗോത്രങ്ങളുമായി മാത്രം ഇടപഴകി കഴിയുന്ന ഇവർ മറ്റു മനുഷ്യരുമായി സമ്പർകത്തിൽ വന്നാൽ പിടിപെടാനിടയുളള പകർച്ച വ്യാധികളും ആക്രമണ സാധ്യതകളും ഒരുപക്ഷേ ഗുരുതരമായ പ്രത്യാഘാതങ്ങൾ തന്നെ ഉണ്ടാക്കിയേക്കാം.
തെക്കുകിഴക്കൻ പെറുവിലെ വനത്തിൽ നിന്ന് മാഷ്കോ പിറോ ഗോത്രക്കാർ പുറത്തേക്ക് പോകുന്നത് കാണിക്കുന്ന ഈ വീഡിയോ ജൂണിലാണ് പകർത്തിയത്. മേഖലയിൽ മരം വെട്ടുകാരുടെ സാന്നിധ്യം ഇവർക്കിടയിൽ സംഘർഷത്തിന് കാരണമാകുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ഗോത്രത്തെ കണ്ട സ്ഥലത്ത് നിന്നും ഏതാനും മൈലുകൾ അകലെയായിരുന്നു മരം മുറിക്കൽ പ്രവർത്തനങ്ങൾ നടന്നിരുന്നത്. അതേസമയം പെറുവിയൻ ഗവൺമെൻറ് തന്നെയാണ് മാഷ്കോ പിറോകളുടെ പ്രദേശത്ത് കമ്പനികൾക്ക് പ്രവർത്തിക്കാനുള്ള അനുമതി നൽകിയതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സർവൈവൽ ഇൻറർനാഷണലിൻ്റെ കണക്കനുസരിച്ച് ഈ ഗോത്രത്തിലെ ആളുകൾ 750 ൽ അധികം വരും. തെക്കു കിഴക്കൻ പെറുവിലെ വനങ്ങളിലാണ് ഇവർ താമസിക്കുന്നത്. എന്നാൽ മരം വെട്ടുകാരുടെ കടന്നുകയറ്റം കാരണം ഈ ആളുകളെ ബ്രസീലിയൻ അതിർത്തിക്ക് അപ്പുറം കണ്ടതായി റോയിറ്റേഴ്സ് റിപ്പോർട്ട് പറയുന്നു.
പക്ഷേ ഇത് ആദ്യമായല്ല മാഷ്കോ പിറോ ഗോത്രക്കാർക്ക് തങ്ങളുടെ പ്രദേശത്ത് ഭീഷണി നേരിടേണ്ടതായി വന്നിട്ടുള്ളത്. 2011ലും പിന്നീട് 2013ലും ഇവർ നാഗരിക മനുഷ്യരുമായുള്ള സംഘടനകളിൽ ഏർപ്പെട്ടതായി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. പക്ഷെ ഇതിൽ അപകടകരമായ വസ്തുത ഗോത്രവർഗ്ഗക്കാരും മറ്റുള്ള മനുഷ്യരുമായും നടക്കുന്ന ഏത് തരത്തിലുള്ള ഇടപെടലും ഗോത്രവർഗ്ഗക്കാർക്കിടയിൽ രോഗങ്ങൾ പടർത്താൻ കാരണമാകും എന്നതാണ് വിദഗ്ധർ പറയുന്നത്, അത് മാഷ്കോ പിറോയെ പൂർണ്ണമായും തന്നെ തുടച്ചുനീക്കിയേക്കാം.
ഇവരെ സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വം ആണെന്നും, ഇവരുടെ പ്രവിശ്യകളിലുള്ള കടന്നുകയറ്റം പൂർണ്ണമായും തടയിടാൻ സർക്കാർ ശ്രദ്ധിക്കണമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.