മൊബൈൽ വരിക്കാരുടെ താരിഫ് കുത്തനെ ഉയർത്തി ജിയോ. 14 പ്രീ പെയ്ഡ് അൺലിമിറ്റഡ് പ്ലാനുകൾ, മൂന്ന് ഡാറ്റ ആഡ് ഓൺ പ്ലാനുകൾ, രണ്ട് പോസ്റ്റ് പെയ്ഡ് പ്ലാനുകൾ എന്നിവയുടെ നിരക്കാണ് 27 ശതമാനം വരെ ഉയർത്തിയത്.
പ്രതിമാസ പ്ലാനുകൾക്ക് ഇനി 189 രൂപ മുതൽ 449 രൂപവരെ നൽകണം. നിലവിൽ 155 രൂപ മുതൽ 399 രൂപവരെയായിരുന്നു നിരക്ക്. ദ്വൈമാസ പ്ലാനുകൾക്കാകാട്ടെ 579 രൂപ മുതൽ 629 രൂപവരെയും നൽകണം. മൂന്ന് മാസ പ്ലാനുകൾക്ക് 477 രൂപ മുതൽ 1,199 രൂപവരെയാണ് നിരക്ക്. വാർഷിക പ്ലാനുകൾക്കാകട്ടെ 1,899 രൂപ മുതൽ 3,599 രൂപവരെയും.
84 ദിവസ കാലയളവിൽ പ്രതിദിനം 1.5 ജി.ബി ഡാറ്റ ലഭിച്ചിരുന്ന പ്ലാനിന്റെ താരിഫ് 666 രൂപയിൽനിന്ന് 799 രൂപയാക്കി. താരതമ്യേന കുറഞ്ഞ താരിഫായിരുന്ന 395 രുപയുടേത് 479 രൂപയായും വർധിപ്പിച്ചു. ഈ പ്ലാന് 84 ദിവസം കാലാവധിയും മൊത്തം ആറ് ജി.ബി ഡാറ്റയുമാണ് നൽകിയിരുന്നത്. ഏറ്റവും കുറഞ്ഞ റീച്ചാർജ് 15 രൂപയിൽനിന്ന് 19 രൂപയിലേക്ക് ഉയർത്തി. 75 ജി.ബി.യുടെ പോസ്റ്റ്പെയ്ഡ് ഡേറ്റ പ്ലാൻ 399 രൂപയിൽനിന്ന് 449 രൂപയായി വർധിപ്പിച്ചു. നിരക്കു വർധന ജൂലായ് മൂന്നിന് പ്രാബല്യത്തിലാകും.
പിന്നാലെ എയര്‍ടെല്ലും വോഡഫോണ്‍-ഐഡിയയും
ജിയോക്ക് പിന്നാലെ നിരക്ക് വര്‍ധനയ്‌ക്കൊരുങ്ങി എയര്‍ടെല്ലും വോഡഫോണ്‍-ഐഡിയയും (വിഐ). 2021 ഡിസംബറിലാണ് അവസാനമായി രാജ്യത്ത് ടെലകോം കമ്പനികള്‍ നിരക്ക് വര്‍ധന നടപ്പിലാക്കിയത്. നിരക്ക് വര്‍ധനയുണ്ടാകുമെന്ന് ഭാരതി എയര്‍ടെല്‍ മാനേജിംഗ് ഡയറക്ടര്‍ ഗോപാല്‍ വിത്തലും വോഡഫോണ്‍-ഐഡിയ സി.ഇ.ഒ അക്ഷയ മൂന്ദ്രയും അടുത്തിടെ സൂചിപ്പിച്ചിരുന്നു. ഉടന്‍ തന്നെ ഇത് സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് സൂചന.