കൊച്ചിലെ എൻസിസി ക്യാമ്പിൽ ഭക്ഷ്യവിഷബാധ. സംഭവത്തിൽ പൊലീസും ആരോഗ്യവിഭാഗവും അന്വേഷണം തുടങ്ങി. കാക്കനാട് കെഎംഎം കോളേജിലെ എൻസിസി ക്യാമ്പിൽ ഉണ്ടായ ഭക്ഷ്യ വിഷബാധയെ തുടർന്ന് 75 ഓളം കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വിവരം അന്വേഷിക്കാൻ എത്തിയ കുട്ടികളുടെ രക്ഷിതാക്കളെ ക്യാമ്പിന് പുറത്ത് തടഞ്ഞത് സംഘർഷത്തിനിടയാക്കിയിരുന്നു. സംഭവത്തെ തുടർന്ന് ക്യാമ്പ് അവസാനിപ്പിച്ചു. അതേസമയം വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ട കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ക്യാമ്പില്‍ വിളമ്പിയ ഭക്ഷണത്തില്‍ നിന്നാകാം അണുബാധയുണ്ടായതെന്ന് സംശയിക്കുന്നുണ്ട്. 600ഓളം കുട്ടികള്‍ പങ്കെടുക്കുന്ന ക്യാമ്പില്‍ കുറച്ച് പേര്‍ക്ക് മാത്രമാണ് നിര്‍ജലീകരണം സംഭവിച്ചതെന്നും ഭക്ഷ്യ വിഷബാധയെന്ന നിഗമനം ഈ ഘട്ടത്തില്‍ ഇല്ലെന്നും കര സേന വിഭാഗം അറിയിച്ചിരുന്നു.