തമിഴ്‌നാട് : സർക്കാർ സ്കൂളുകളില്‍ പഠിച്ച് വിദേശത്തെ സ്ഥാപനങ്ങളില്‍ ഉപരിപഠനത്തിന് പോകുന്ന വിദ്യാർഥികളുടെ ആദ്യ യാത്രച്ചെലവ് സർക്കാർ വഹിക്കും. രാജ്യത്തിന്റെ വിവിധഭാഗങ്ങളിലെ പ്രമുഖ സ്ഥാപനങ്ങളില്‍ ഉന്നതവിദ്യാഭ്യാസത്തിനു പോകുന്നവരുടെ ചെലവും സർക്കാർ പങ്കിടും. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചതാണ് ഇക്കാര്യം.
സർക്കാർ സ്കൂളുകളില്‍ പഠിച്ച് ഉന്നതവിദ്യാഭ്യാസത്തിനു പോകുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിന് തമിഴ്‌നാട് കൈക്കൊള്ളുന്ന നടപടികളുടെ ഭാഗമാണിത്. 6 മുതല്‍ 12വരെ ക്ലാസുകളില്‍ സർക്കാർ സ്കൂളുകളില്‍ പഠിച്ച കുട്ടികള്‍ സംസ്ഥാനത്തെ കോളേജുകളില്‍ ഉപരിപഠനത്തിന് ചേരുമ്പോള്‍ പ്രതിമാസം ആയിരം രൂപ നല്‍കുന്ന പദ്ധതി നിലവിലുണ്ട്. രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലും വിദേശത്തുമുള്ള പ്രമുഖ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പ്രവേശനം ലഭിക്കുന്ന കുട്ടികള്‍ക്കുവേണ്ടിയാണ് പുതിയ പദ്ധതി.
സർക്കാർ സ്കൂളുകളില്‍ പഠിച്ച 447 വിദ്യാർഥികള്‍ക്ക് ഈവർഷം ഇതുവരെ രാജ്യത്തിനകത്തും പുറത്തുമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പ്രവേശനം ലഭിച്ചതായി ചെന്നൈയില്‍ ഒരു ചടങ്ങില്‍ സ്റ്റാലിൻ പറഞ്ഞു. ഇതില്‍ 14 പേർ ജപ്പാൻ, മലേഷ്യ, തയ്‌വാൻ തുടങ്ങിയ രാജ്യങ്ങളിലെ സ്ഥാപനങ്ങളിലാണ്. 2022-ല്‍ 75 വിദ്യാർഥികള്‍ക്കാണ് പ്രമുഖ സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിച്ചത്. 2023-ല്‍ അത് 274 ആയി. ഈ വർഷത്തെ പ്രവേശനനടപടികള്‍ തുടരുന്ന പശ്ചാത്തലത്തില്‍ എണ്ണം ഇനിയും വർധിക്കും. ഉന്നതവിദ്യാഭ്യാസത്തിനു ചേരുന്ന പെണ്‍കുട്ടികള്‍ക്ക് പ്രതിമാസം 1000 രൂപ നല്‍കുന്ന പുതുമൈ പെണ്‍ പദ്ധതി നടപ്പാക്കിയശേഷം ഉന്നതവിദ്യാഭ്യാസത്തിന് പോകുന്നവരുടെ എണ്ണത്തില്‍ 34 ശതമാനം വർധനയുണ്ടായതായി സ്റ്റാലിൻ പറഞ്ഞു.