ബെംഗളൂരു :- നഗരത്തിൽ ലഹരി വേട്ട പുതുവത്സരാഘോഷങ്ങൾ ലക്ഷ്യമിട്ട് എത്തിച്ച 12 കിലോ എം ഡി എം എ യുമായി വിദേശ വനിതയെ പോലീസ് പിടികൂടി. 24 കോടി രൂപ വില വരും പിടികൂടിയ ലഹരി മരുന്നിന്. നഗരത്തെ ലഹരിയിൽ മുക്കിക്കൊല്ലുന്ന പ്രധാന ഇടപാടുകാരിൽ ഒരാളെയാണ് ഏറെക്കാലത്ത് അധ്വാനത്തിനുശേഷം ബംഗളൂരു പോലീസിന്റെ സെൻട്രൽ ക്രൈം ബ്രാഞ്ച് പിടികൂടിയത്. കെ ആർ പുരം ടി സി പാളയത്തിൽ വിദേശികൾക്കായുള്ള പലചരക്ക് കട നടത്തുന്ന നൈജീരിയൻ വനിത റോസിലിൻ ആണ് പിടിയിലായത്.
വെള്ള, മഞ്ഞ നിറത്തിലുള്ള ക്രിസ്റ്റൽ രൂപത്തിലുള്ള 12 കിലോ എംഡി എംഎയാണ് പിടിച്ചെടുത്തത്. ഐടി പ്രഫഷണലുകൾ, വിദേശികൾ, വിദ്യാർത്ഥികൾ തുടങ്ങിയവർക്ക് വിൽപ്പനയ്ക്കായി എത്തിച്ച ലഹരി മരുന്നാണ് എന്നാണ് യുവതിയുടെ കുറ്റ സമ്മതമൊഴി. മുഖ്യ വിതരണക്കാരിയായ മുംബൈയിൽ നിന്നുള്ള ആഫ്രിക്കൻ യുവതിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി. അറസ്റ്റിലായ യുവതിയിൽ നിന്നും 70 സിം കാർഡുകൾ, മൊബൈൽ ഫോണുകൾ തുടങ്ങിയവയും പിടികൂടി. ഇവരിൽ നിന്നും ലഹരി മരുന്ന് വാങ്ങിയവരെ കണ്ടെത്താൻ പോലീസ് തിരച്ചിൽ തുടങ്ങി.