തിരുവനന്തപുരം : ഒരിടവേളയ്ക്കുശേഷം സംസ്ഥാനത്ത് നിപ്പ വൈറസ് സാന്നിധ്യം കണ്ടെത്തിയതോടെ പഴവിപണിയില്‍ പ്രതിസന്ധി. പഴംതീനി വവ്വാലുകളാണ് നിപ്പ പടര്‍ത്തുന്നതെന്ന വിദഗ്ധരുടെ വാക്കുകളാണ് പഴം വിപണിക്ക് അപ്രതീക്ഷിത തിരിച്ചടിയാകുന്നത്.
നിപ്പാ വാര്‍ത്തകള്‍ വന്നതുമുതല്‍ മലബാര്‍ ഭാഗത്ത് പഴംവില്പന നാലിലൊന്നായി കുറഞ്ഞു.
മധ്യ, തെക്കന്‍ കേരളത്തില്‍ നിലവില്‍ നിപ്പ ഭീതി ഇല്ലെങ്കിലും പഴവിപണിയില്‍ അനിശ്ചിതാവസ്ഥയുണ്ട്. ഒരാഴ്ച കൊണ്ട് കച്ചവടം തീരെ കുറഞ്ഞതായി കൊച്ചി മറൈന്‍ഡ്രൈവില്‍ വഴിയോര കച്ചവടക്കാർ പറഞ്ഞു. പഴങ്ങളുടെ വില കുറച്ചിട്ടു പോലും വാങ്ങാന്‍ ആളുകള്‍ മടികാണിക്കുന്നതായി ഇവർ ചൂണ്ടിക്കാട്ടുന്നു.
വഴിയോര കച്ചവടക്കാര്‍ക്ക് പ്രതിസന്ധി:
എറണാകുളം മാര്‍ക്കറ്റിലെ പഴം മൊത്തകച്ചവട കേന്ദ്രങ്ങളിലും നിപ്പയുടെ പ്രതിഫലനം ദൃശ്യമാണ്. ചെറുകിട കച്ചവടക്കാര്‍ ലോഡ് കൊണ്ടുപോകുന്നത് കുറച്ചിട്ടുണ്ടെന്നാണ് മൊത്ത കച്ചവടക്കാര്‍ പറയുന്നത്. വരുംദിവസങ്ങളില്‍ പ്രതിസന്ധി കൂടിയേക്കാമെന്ന ഭയവും കച്ചവടക്കാര്‍ക്കുണ്ട്.
പുറത്തെ അന്തരീക്ഷ താപനിലയെ അതിജീവിക്കാന്‍ കഴിയാത്ത വൈറസ് നിശ്ചിത സമയം മാത്രമേ നിലനില്‍ക്കൂവെന്ന് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നുണ്ട്. വവ്വാല് പേടിയില്‍ പഴങ്ങള്‍ കഴിക്കുന്നത് ഉപേക്ഷിക്കേണ്ടതില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും പഴം വിപണിയെ രോഗവ്യാപനം തളര്‍ത്തുകയാണ്.
വിലയിടിവ് : ഉയര്‍ന്നു നിന്നിരുന്ന പഴങ്ങളുടെ വില ഒറ്റയടിക്ക് താഴേക്ക് പോയിട്ടുണ്ട്. വിവിധയിനം മാമ്പഴം, റംബൂട്ടാന് ഇനങ്ങള്‍ക്കെല്ലാം 20-30 ശതമാനം ഇടിവാണ് വിലയില്‍ ഉണ്ടായിരിക്കുന്നത്. നിപ്പ പ്രതിസന്ധി നീണ്ടുനിന്നാല്‍ വില്പന നിലയ്ക്കുമെന്ന ഭീതിയും കച്ചവടക്കാര്‍ പങ്കുവയ്ക്കുന്നുണ്ട്. പഴങ്ങള്‍ കഴിക്കുന്നതു മൂലം വൈറസ് ബാധ ഉണ്ടാകില്ലെന്ന പ്രചരണം സര്‍ക്കാര്‍ തലത്തില്‍ നടത്തണമെന്നാണ് കച്ചവടക്കാരുടെ ആവശ്യം. മലബാര്‍ ഭാഗത്ത് പഴവിപണിയില്‍ നിന്ന് റംബൂട്ടാന് അപ്രത്യക്ഷമായി. ഒരാള്‍പോലും റംബൂട്ടാന് വില്പനയ്ക്കായി എടുക്കുന്നില്ല. മറ്റുള്ളവയുടേയും വില്പന കുത്തനെ കുറഞ്ഞതോടെ കിലോക്കണക്കിന് പഴങ്ങളാണ് നശിച്ചുപോകുന്നത്.
ഗള്‍ഫ് നാടുകളിലേക്കു ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കോഴിക്കോടുനിന്നു മാത്രം ദിവസവും 10 ടണ്ണിന് മുകളില്‍ മാമ്പഴം വിമാനം കയറിപ്പോയിരുന്നു. ഗള്‍ഫ് നാടുകള്‍ക്കു പുറമെ വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും കരിപ്പൂര്‍ വഴി കയറ്റുമതി വര്‍ധിച്ചിരുന്നു. നിപ്പാ ഭീതി വന്നതോടെ കയറ്റുമതിയും പ്രതിസന്ധിയിലായി.