ഓൺലൈൻ വായ്പ തട്ടിപ്പിൽ കുടുങ്ങി കോട്ടയം കറുകച്ചാൽ സ്വദേശിയും മെഡിക്കൽ റെപ്രസെന്റേറ്റീവുമായ യുവാവും . ഫേസ്ബുക്കിൽ വന്ന വായ്പ ആപ്പിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്ത യുവാവിനോട് 2000 രൂപ വായ്പ പ്രോസസിംഗ് ചാർജ് ആവശ്യപ്പെട്ടു.
ഇതിൽ സംശയം തോന്നിയ യുവാവ് ആപ്ലിക്കേഷൻ അൺഇൻസ്റ്റാൾ ചെയ്തു. തുടർന്ന് കഴിഞ്ഞ ദിവസം രാവിലെ മുതൽ ഭീഷണി കോളുകളും സന്ദേശങ്ങളും എത്തുകയായിരുന്നു. ടാൻസാനീയൻ നമ്പറിൽ നിന്നാണ് കോളുകളും സന്ദേശങ്ങളും വന്നത്. മോർഫ് ചെയ്ത അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നുമുള്ള ഭീഷണികളും യുവാവിന് നേരെ വന്നിട്ടുണ്ട്.
ഇത്തരത്തിലുള്ള ആപ്പുകളിൽ ആർബിഐയുടേത് ഉൾപ്പെടെയുള്ള അംഗീകാരങ്ങൾ ഉള്ളതായും, 100%സുരക്ഷിതമാണെന്നും അവകാശപ്പെടുന്നു എന്നതുകൊണ്ടാണ് കൂടുതൽ പേരും ഈ തട്ടിപ്പിന് ഇരയാവുന്നത്.
കഴിഞ്ഞ ദിവസം മെഡിക്കൽ റെപ്രെസെന്റേറ്റീവും സംവിധായകയുമായ കോട്ടയം സ്വദേശിനിക്കും ഇതേ അനുഭവം ഉണ്ടായിരുന്നു.
സോഷ്യൽ മീഡിയകളിൽ എല്ലാം തന്നെ വ്യാജ ലോൺ ആപ്പുകളുടെ പരസ്യങ്ങളും നിരവധിയാണ്.
വ്യാജ ലോൺ ആപ്പുകൾ സജീവമാണെന്നും, ഇത്തരത്തിൽ വിശ്വാസ്യതയില്ലാത്ത ആപ്പുകൾ ഡൗൺലോഡ് ചെയ്യരുതെന്നും ഫോണിൽ സൂക്ഷിക്കരുതെന്നും ജനങ്ങൾ ബോധവാന്മാരാകണമെന്നും പോലീസ് അധികാരികൾ പറയുന്നു.